Header Ads

  • Breaking News

    പയ്യാമ്പലം ബീച്ചിലെ നടപ്പാതയുടെ അടിഭാഗം തകർന്ന് അപകടാവസ്ഥയിൽ




    കണ്ണൂർ :- പയ്യാമ്പലം ബീച്ചിലെ നടപ്പാതയിൽ റെയിൻ ഷെൽട്ടർ സ്‌ഥിതി ചെയ്യുന്ന ഭാഗത്തിന്റെ അടിഭാഗം ഇടിഞ്ഞ നിലയിൽ. അടിഭാഗത്തെ കോൺക്രീറ്റ് പാളി കളടക്കം ഇടിഞ്ഞതിനാൽ നടപ്പാതയും റെയിൻ ഷെൽട്ടറും സ്‌ഥി‌തി ചെയ്യുന്ന ഭാഗത്തേക്കു വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ഇത് ഏത് നിമിഷവും തകർന്നു വീഴുമെന്ന അവസ്‌ഥയാണ്. നടപ്പാതയിലൂടെ നടക്കുന്നവരോ, റെയിൻ ഷെൽട്ടറിൽ ഇരിക്കുന്ന വരോ നടപ്പാതയുടെ കടൽ ഭാഗത്തുള്ള തറ ഭാഗം ഇടിഞ്ഞതു കാണില്ല. കാലവർഷത്തിൽ കടൽ പ്രക്ഷുബ്‌ധാവസ്ഥയിലായതിനാൽ തിര ഈ ഇടിഞ്ഞ ഭാഗം വരെ എത്തുന്നുണ്ട്. മഴ കനക്കുമ്പോഴോ ശക്തമായ കാറ്റിലോ ഇടിഞ്ഞ ഭാഗത്തേക്ക് ശക്‌തമായ ഒരു തിര അടിച്ചാൽ നടപ്പാതയും റെയിൻ ഷെൽട്ടറും തകർന്നു വീഴുമെന്ന് ഉറപ്പാണ്. ഒളിഞ്ഞിരിക്കുന്ന അപകടഭീതി അറിയാതെ ഇപ്പോഴും ഏറെ സന്ദർശകർ നടപ്പാതയുടെ ഈ ഭാഗത്തൂടെ നടക്കുന്നുണ്ട്. റെയിൻ ഷെൽട്ടറിൽ ഇരിക്കുന്നുമുണ്ട്.

    ബീച്ചിന്റെ സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ടായിരുന്നു പയ്യാമ്പലം ബീച്ചിൽ നിന്ന് തുടങ്ങി പള്ളിയാംമൂല ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിൽ നടപ്പാതയും ഇടവിട്ട് റെയിൻ ഷെൽട്ടറുകളും നിർമിച്ചത്. നടപ്പാതയും റെയിൻ ഷെൽട്ടറും ചേർന്ന പദ്ധതി ബീച്ചിന്റെ ഭംഗി വർധിപ്പിച്ചു. സന്ദർശകർക്ക് കടലിന്റെ ഭംഗി നടന്നും ഇരുന്നും ആസ്വദിക്കാൻ പറ്റി. ഇതുകാരണം ബീച്ചിൽ ഏറെ സന്ദർശകർ എത്തി. എന്നാൽ, ശുചീകരണത്തിൻ്റെയും അറ്റകുറ്റ പ്രവൃത്തികളുടെയും നവീകരണത്തിന്റെയും അഭാവം ഏറെയാണ്. ചില റെയിൻ ഷെൽട്ടറുകളിലെ ഇരിപ്പിടങ്ങൾ തകർന്ന നിലയിലാണ്. ചിലതിൽ ഇരിപ്പിടങ്ങളേയില്ല. നടപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ മാലിന്യവും ഉണ്ട്. സന്ദർശകർക്ക് പ്ലാസ്‌റ്റിക്ക് മാലിന്യങ്ങൾ തള്ളാൻ നടപ്പാതയരികിൽ വച്ചിരുന്ന ബാസ്‌കറ്റുകൾ കാണാനേയില്ല. വിളക്കുതൂണുകൾ തുരുമ്പെടുത്ത് തകർച്ചയുടെ വക്കിലാണ്. ചിലതു കത്തുന്നുമില്ല.

    No comments

    Post Top Ad

    Post Bottom Ad