Header Ads

  • Breaking News

    കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; രണ്ട് സർക്കാർ ആസ്പത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് പദവി

    തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആസ്പത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെ അംഗീകാരവും, തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെ പുന:അംഗീകാരവും നേടിയെടുത്തു. കുടുതല്‍ ആസ്‌പത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

    ഇതോടെ സംസ്ഥാനത്തെ 176 ആസ്പത്രികള്‍ എന്‍ ക്യു എ എസ് അംഗീകാരവും 77 ആസ്പത്രികള്‍ പുനഃഅംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആസ്പത്രികള്‍, 4 താലൂക്ക് ആസ്പത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 117 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്. 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആസ്പത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.

    എന്‍ ക്യു എ എസ് അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ ക്യു എ എസ് അ൦ഗീകാരം ലഭിക്കുന്ന പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആസ്പത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആസ്പത്രി വികസനത്തിന് ഇതേറെ സഹായിക്കും.

    No comments

    Post Top Ad

    Post Bottom Ad