Header Ads

  • Breaking News

    ഡെങ്കിപ്പനി വന്നിട്ടുള്ളവര്‍ക്ക് വീണ്ടും വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത’: മന്ത്രി വീണാ ജോര്‍ജ്


     


    ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്.അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം. ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും.എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

    ഗുരുതരമായ ഡെങ്കിപ്പനിയും മരണങ്ങളും തടയാനായി പ്രതിരോധത്തിനും ചികിത്സയ്ക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ഈഡിസ് കൊതുകിന്റെ സഞ്ചാര ദൂരം ചെറുതാണ്.അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാന്‍ സഹായിക്കും. വെള്ളം കെട്ടിനില്‍ക്കുന്ന ഏത് വസ്തുവിലും കൊതുക് മുട്ടയിടുമെന്നതിനാല്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയരുത്. പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളും റെസിഡന്‍സ് അസോസിയേഷനുകളും ശ്രദ്ധിക്കണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കൃത്യമായി ഡ്രൈ ഡേ ആചരിക്കണം

    No comments

    Post Top Ad

    Post Bottom Ad