Header Ads

  • Breaking News

    മഴവിൽ നിറശോഭയിലൊരു അവാർഡ് വിതരണം




    വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ കണ്ട ഏറ്റവും ഹൃദ്യമായ പരിപാടിയായിരുന്നു ഇന്നലെ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് വിതരണ ചടങ്ങ്. ചിട്ടയായ സംഘാടനത്തിന് നേതൃത്വം വഹിച്ച അവാർഡ് കമ്മറ്റി സ്ഥാപകനായ ഇസ്മായിൽ കൊട്ടാരപ്പാട്ട് അഭിനന്ദനമർഹിക്കുന്നു. അനശ്വരനായ ജനകീയ സർവ്വകലാകാരൻ കലാഭവൻ മണിയുടെ പേരിൽ നൽകുന്ന അഞ്ചാമത് അവാർഡ് സ്വീകരിച്ചവർ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന തികച്ചുംഅർഹതപ്പെട്ട കലാകാരന്മാരാണ്. അഞ്ചു പതിറ്റാണ്ടോളമായി നാടക രംഗത്തും സിനിമാരംഗത്തും സീരിയൽ രംഗത്തും നൃത്തരംഗത്തും സജീവമായി നില്കുന്ന കണ്ണൂർ ശ്രീലത, സിനിമാരംഗത്ത് വിവിധ മേഖലകളിൽ പ്രാമുഖ്യം തെളിയിച്ച ശാർങ്ധരൻ കൂത്തുപറമ്പ്, മനോജ്‌.കെ.യു, സന്തോഷ് മണ്ടൂർ, മേന മേലത്ത്, നിസാം തളിപ്പറമ്പ്,അനുശ്രീ മാധവൻ, അശ്വതി. പി എന്നിവരാണ് അവാർഡ് സ്വീകരിച്ചത്.

    സിഫ്രാൻ നിസാമിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് ചലചിത്ര താരം അനഘ ജാനകിയുടെ അവതരണം ചടങ്ങിനെ നിയന്ത്രിച്ചു.അതിഥികളെ ഓരോരുത്തരെയായി വിളിച്ച് കുട്ടികൾ പൂച്ചെണ്ടു നൽകി അവരവരുടെ പേരെഴുതി വച്ച സീറ്റിൽ സ്വീകരിച്ചിരുത്തി.ഇത് പുതുമയാർന്നതും കൗതുകവുമായിരുന്നു.കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മറ്റി സ്ഥാപകൻ ഇസ്മയിയിൽ കൊട്ടാരപ്പാട്ട് സ്വാഗതമോതി. പി. എ.ബക്കർ ഫിലിം സൊസൈറ്റി ജനറൽ സിക്രട്ടറി ഇ.എം.ഷാഫിയുടെ അധ്യക്ഷതയിൽ മുൻ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ഓട്ടോക്കാരനിൽ നിന്ന് മലയാളി മനസ്സിൽ ഇടം നേടിയ കലാകരനെ ഉദ്ഘാടകൻ അനുസ്മരിച്ചു.

    പ്രമുഖചലചിത്ര സംവിധായകനും കലാഭവൻ മണിയുടെ സഹപ്രവർത്തകനുമായ സുരേഷ് കണ്ണൻ ഓർമ്മകൾ പങ്കിട്ടത് വികാരപരമായിരുന്നു.ജെ.പി.മെമ്മോറിയൽ കോ- സൊസൈറ്റി പ്രസിഡണ്ട് രാജേഷ് പ്രേം.വി കണ്ണൂർ ശ്രീലതയെപ്പോലുള്ളവരെ അവാർഡ് കമ്മറ്റി പരിഗണിച്ചതിൽ അനുമോദിക്കുകയും, ഇത് അവർക്ക് നേരത്തേ ലഭിക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.മാളികപ്പുറം, മോണിക്ക ഒരു എ.ഐ. സ്റ്റോറി എന്നീ സിനിമകളിൽ തനിമയാർന്ന പ്രകടനം കാഴ്ചവച്ച ബാലനടൻ ശ്രീപത് യാൻ അതിഥിയായെത്തി. കണ്ണൂർ ശ്രീലതയുടെ ഭർത്താവും എഴുത്തുകാരനും ഗായകനുമായ എ.പി.പ്രകാശൻ കിഴുത്തള്ളി, മൊണിക്ക എഐസ്റ്റോറിയുടെ സഹ സവിധായകനും കണ്ണൂർ കുറുവ സ്വദേശിയുമായ ഷൈജു ദേവദാസ്, മറ്റ് അണിയറ പ്രവർത്തകർ ,അഭിനേതാക്കൾ എന്നിവരും വേദിയിലുണ്ടായി.

    മംഗളപത്രവും ശില്പവും നല്കി വേദിയിലെ വിശിഷ്ടാതിഥികൾ ഓരോ കലാകാരനെയും ആദരിച്ചു.ഓരോരാളും അവരുടെ കഴിവുകൾ വേദിയിൽ അവതരിപ്പിച്ചു. അഞ്ചു മണിക്ക് ആരംഭിച്ച ചടങ്ങ് 7-15 വരെ നീണ്ടുനിന്നു. സദസ്സിൽ നിന്ന് ഈ ചടങ്ങിനിടെ ഒരാളും എഴുന്നേറ്റു പോയില്ല എന്നതും പരിപാടിയുടെ ഹൃദ്യത ഉന്നതിയിലെത്തിക്കുന്നു.

    പരിപാടിയുടെ വിജയത്തിൽ പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിച്ച പ്രോഗ്രാം ഡയറക്ടർ ജോഷി എബ്രഹാമിനും, എല്ലാറ്റിലുമുപരി മുഖ്യ സംഘാടകനായ ഇസ്മായിലിനും അഭിമാനിക്കാം. ഒപ്പം മലയാള ഭാഷാപോഷണവേദി കണ്ണൂരിനെ ഈ മഴവിൽ വർണമാർന്ന പരിപാടിയിൽ ഭാഗഭാക്കാക്കിയതിന് പ്രത്യേകം അകമഴിഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു.


    No comments

    Post Top Ad

    Post Bottom Ad