കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.
നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.
ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.
പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.
No comments
Post a Comment