വിദ്യാർഥികൾക്കൊരു ആശ്വാസ വാർത്ത; സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുമെന്ന് മന്ത്രി
സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു പരാതിയാണ് ബാഗുകളുടെ അമിത ഭാരം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പോലും ഒരുപാട് പുസ്തകഭാരം പേറേണ്ടിവരുന്നു എന്നതാണ് വെല്ലുവിളി. എന്നാൽ ആ ബുദ്ധിമുട്ടിന് അറുതി വരുന്നു. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം ക്ലാസിൽ 1.6 കിലോ മുതൽ 2.2 കിലോ വരെ ആക്കുമെന്ന് മന്ത്രി അറിയിച്ചു. പത്താം ക്ലാസിൽ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് നിർദേശം ഉടൻ നൽകും. മാസത്തിൽ നാല് ദിവസം ബാഗ് ഒഴിവാക്കലും പരിഗണനയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.
പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികൾക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100നും 120നും ഇടയിലുള്ള പേജുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. എങ്കിലും ആകെ സ്‌കൂൾ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ടെന്നും അതിനാലാണ് മാറ്റമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
No comments
Post a Comment