Header Ads

  • Breaking News

    ഭിന്നശേഷി തിരിച്ചറിയൽ കാർഡ്; പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ തുടങ്ങും: മന്ത്രി ആർ ബിന്ദു



    സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ഊർജ്ജിതമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. എം ബി രാജേഷ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

    ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തി‍ല്‍ യു.ഡി.ഐ.ഡി. കാര്‍ഡിന് വലിയ പ്രാധാന്യമുണ്ട്. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതും മറ്റു വിവിധ ആവശ്യങ്ങൾക്കും അടിസ്ഥാന രേഖയായി പരിഗണിക്കാവുന്ന ഈ കാര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം – യോഗതീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് യു.ഡി.ഐ.ഡി അദാലത്തുകൾ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം സംഘടിപ്പിച്ചു വരികയാണ്. പൂർണ്ണമായും കിടപ്പിലായ ഭിന്നശേഷിക്കാർക്ക് അവരുടെ വീടുകളിലെത്തി ആധാറും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

    യു.ഡി.ഐ.ഡി. കാർഡിനായുള്ള അപേക്ഷയിൽ വേണ്ട തിരുത്തലുകൾ വരുത്താൻ അപേക്ഷകരെ സഹായിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കും. ഈ ഹെൽപ്പ് ഡെസ്കിലേയ്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ട സൗകര്യങ്ങളും സഹായവും നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad