Header Ads

  • Breaking News

    സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു



    സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വര്‍ദ്ധനവും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണ വികസനവുമാണ് ലക്ഷ്യം. വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതിയ്ക്കും സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനും ഉതകുന്ന വിധത്തില്‍, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങള്‍.ആദ്യഘട്ടമായി ഏഴ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്, സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. ആ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ഏഴും ആരംഭിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്. നിലവില്‍ ഭരണാനുമതി ലഭിച്ച സെന്ററുകളില്‍ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷ-സാംസ്‌കാരിക മേഖലയിലും ആണ് പ്രവര്‍ത്തിക്കുക. ഒരു സെന്റര്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക-അനധ്യാപക-ഗവേഷകവിദ്യാര്‍ത്ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്‍പ്പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.


    No comments

    Post Top Ad

    Post Bottom Ad