Header Ads

  • Breaking News

    കണ്ണീർപെയ്ത്തിൽ വയനാട് ; മരണസംഖ്യ ഉയരുന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു



    കൽപറ്റ :- വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ മരണസംഖ്യ 174ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടർന്ന് മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. 

    ബെയിലി പാലം നിർമാണം ഇന്ന് പൂർത്തിയാകില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു. പാലത്തിന്റെ നിർമാണം നാളെ മാത്രമേ പൂർത്തിയാകൂ. മുണ്ടക്കൈയിൽ തെരച്ചിൽ ഇനിയും വൈകും. തെരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങൾ എത്തുന്നത് വൈകുമെന്ന് അധികൃതർ അറിയിക്കുന്നു. ഇന്ന് രാവിലെ ആറ് മണിമുതൽ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. 

    ദുരന്തത്തിന്റെ രണ്ടാം നാളായ ഇന്നും മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇരുനൂറിലേറെ ആളുകൾ ഇപ്പോഴും കാണാമറയത്താണ്. എന്നാൽ 98 പേരെ കാണാതായെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. ചൂരൽ മലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടർന്നു കൊണ്ടിരിക്കുന്നത്.

    ചൂരൽമലയിൽ നിലംപൊത്തിയ വീട്ടിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കൂടുതൽ സങ്കടകരമായ കാഴ്ചകളാണ് മുണ്ടക്കൈയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിൽ നിന്ന് ഇന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങളും തകർന്ന വീടുകൾക്കുള്ളിലായിരുന്നു. കസേരയിൽ ഇരിക്കുന്ന രീതിയിലുള്ള 4 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. മണ്ണിൽ പുതഞ്ഞ് പോയവരെ തേടിയുള്ള രക്ഷാപ്രവർത്തകരുടെ ദൗത്യം പുരോ​ഗമിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad