ഗൂഗിള്‍ മാപ്പ് ഒഴിവാക്കി ഒല, റൂട്ട് കാണിക്കാന്‍ ഇനി സ്വന്തം മാപ്പ്
ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിലൂടെയും ഇലക്ട്രിക് വാഹനങ്ങളിലൂടെയും ശ്രദ്ധേയരായ ഒല തങ്ങളുടെ ഒല കാബ്‌സ് ആപ്പില്‍നിന്ന് ഗൂഗിള്‍ മാപ്പ്‌സ് സേവനം ഒഴിവാക്കുന്നു. പകരം ഓല തന്നെ വികസിപ്പിച്ച ഓല മാപ്പ്‌സ് സേവനമാണ് ഇനി ഉപയോഗിക്കുകയെന്ന് ഒല സ്ഥാപകനും മേധാവിയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഗൂഗിള്‍ മാപ്പ് സേവനം ഉള്‍പ്പെടുത്തുന്നതിനായി 100 കോടി ഡോളറാണ് ഒരു വര്‍ഷം തങ്ങള്‍ ചെലവാക്കിക്കൊണ്ടിരുന്നതെന്നും ഒല മാപ്പ്‌സിലേക്ക് മാറാനുള്ള തീരുമാനത്തിലൂടെ ആ ചിലവ് ഇല്ലാതാക്കി എന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
സ്ട്രീറ്റ് വ്യൂ, ന്യൂറല്‍ റേഡിയന്‍സ് ഫീല്‍ഡ്‌സ്, ഇന്‍ഡോര്‍ ഇമേജസ്, 3ഡി മാപ്പ്‌സ്, ഡ്രോണ്‍ മാപ്‌സ് ഉള്‍പ്പടെ നിരവധി പുതിയ ഫീച്ചറുകള്‍ താമസിയാതെ ഒല കാബ്‌സിലെത്തുമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. 2021 ഒക്ടോബറിലാണ് പുനെയില്‍ പ്രവര്‍ത്തിക്കുന്ന ജിയോ സ്‌പേഷ്യല്‍ കമ്പനിയായ ജിയോസ്‌പോക്കിനെ ഒല ഏറ്റെടുത്തത്. ഒല കാബ്‌സ് ആപ്പിനെ കൂടാതെ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിലും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഒല മാപ്പ്‌സ് സേവനം എത്തും.
മേയില്‍ ക്ലൗഡ് സേവനദാതാവായ മൈക്രോസോഫ്റ്റ് എഷ്വറുമായുള്ള സഹകരണവും ഒല അവസാനിപ്പിച്ചിരുന്നു. പകരം ഒലയുടെ തന്നെ എ.ഐ. സ്ഥാപനമായ കൃത്രിമിന്റെ (Krturim) സെര്‍വറുകളിലേക്ക് ഒല ഗ്രൂപ്പ് സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം മാറ്റി. 100 കോടിയുടെ നഷ്ടമാണ് ഇതുവഴി മൈക്രോസോഫ്റ്റിനുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഏറെ കാലമായി ഇന്ത്യയിലെ മാപ്പിന് വേണ്ടി നമ്മള്‍ പാശ്ചാത്യ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. സ്ഥലനാമങ്ങള്‍, നഗരങ്ങളിലെ മാറ്റങ്ങള്‍, സങ്കീര്‍ണമായ ഗതാഗതം, റോഡുകള്‍ ഉള്‍പ്പടെയുള്ള നമ്മുടെ സവിശേഷമായ വെല്ലുവിളികള്‍ക്ക് അവയ്ക്ക് പിടികിട്ടില്ല. എ.ഐ. അധിഷ്ടിതമായ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അല്‍ഗൊരിതത്തിലൂടെയും ലക്ഷക്കണക്കിന് വാഹനങ്ങളില്‍നിന്നും ഓപ്പണ്‍ സോഴ്‌സ് ഉറവിടങ്ങളിലൂടെയും ഒല മാപ്പ്‌സ് ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നു.’ ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറഞ്ഞു.
കൃത്യതയുള്ള ലൊക്കേഷന്‍, കൃത്യമായ തിരയല്‍, മെച്ചപ്പെട്ട സെര്‍ച്ച് ലേറ്റന്‍സി, കൃത്യമായ ഇ.ടി.എ തുടങ്ങിയവയില്‍ ഒല മാപ്പ്‌സ് മികച്ചതാണെന്നും ഭവിഷ് അഗര്‍വാള്‍ അവകാശപ്പെട്ടു.
No comments
Post a Comment