Header Ads

  • Breaking News

    കുടിവെള്ള പൈപ്പ് ശരിയാക്കിയില്ല; ബിഡിഒ ഓഫീസിന് മുന്നിൽ കുളിച്ച് യുവാവിൻറെ പ്രതിഷേധം


    അസാധാരണവും വിചിത്രവുമായ വാർത്തകളാണ് ഓരോ ദിവസവും ഇൻറർനെറ്റിൽ വൈറൽ ആകുന്നത്. അടുത്തിടെ സമാനമായ ഒരു സംഭവം ഏറെ പേരുടെ ശ്രദ്ധ നേടി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ സംഗ്രാംപൂർ ബ്ലോക്കിൽ നിന്നുള്ള ഒരു യുവാവിൻറെ വേറിട്ട ഒരു പ്രതിഷേധം ഏറെ പേരുടെ ശ്രദ്ധനേടി. മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയ്ക്കാണ് യുവാവിൻ്റെ പ്രതിഷേധം വഴി തെളിച്ചത്. സംഗ്രാംപൂർ ബ്ലോക്കിലെ താമസക്കാരനായ സത്യം കുമാർ എന്ന യുവാവാണ് തനിക്കുണ്ടായ അവഗണനക്കെതിരെ ഇത്തരത്തിൽ പ്രതിഷേധം നടത്തിയത്.

    തൻറെ വീട്ടിലെ പൈപ്പ് മാറ്റിവയ്ക്കണമെന്ന് ഒരു വർഷമായി ഇയാൾ ആവശ്യപ്പെടുന്നതാണ്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകാതെ വന്നതിനെ തുടർന്ന് സത്യം കുമാർ ബിഡിഒ ഓഫീസിന് മുന്നിൽ ഇരുന്ന് പരസ്യമായി കുളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും തനിക്ക് മുൻപിൽ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും സത്യം കുമാർ പറയുന്നു. ഒരു ബക്കറ്റും ഒരു കപ്പും തോർത്തും മറ്റ് വസ്ത്രങ്ങളുമായി ബിഡിഒ ഓഫീസിന് മുമ്പിൽ എത്തിയ സത്യം കുമാർ, ഓഫീസിന് മുന്നിലെ പൈപ്പിന് ചുവട്ടിൽ ഇരുന്ന് കുളിക്കുകയായിരുന്നു. കുളിച്ചതിന് ശേഷം തൻറെ വസ്ത്രങ്ങളും ഇയാൾ അവിടെ ഇരുന്ന് തന്നെ അലക്കി.

    കഴിഞ്ഞ ഒരു വർഷത്തിനിടെ 50 തവണ താൻ ഈ പ്രശ്നവുമായി ബിഡിഒ ഓഫീസിൽ ഇറങ്ങിയെങ്കിലും 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന് വാഗ്ദാനം അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് സത്യം കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ താൻ പരാതിപ്പെട്ടപ്പോഴൊക്കെ വില്ലേജ് സെക്രട്ടറി തന്നെ മോശം വാക്കുകൾ വിളിച്ച് ആക്ഷേപിച്ചെന്നും ഇദ്ദേഹം പറയുന്നു. ഇനി മുതൽ എല്ലാ ദിവസവും വീട്ടിൽ നിന്ന് ഒരു ബക്കറ്റ് കൊണ്ടുവന്ന് തൻ്റെ പ്രശ്നം പരിഹരിക്കുന്നത് വരെ ഓഫീസിന് മുന്നിൽ ഇതുപോലെ കുളിക്കുമെന്നും സത്യം കുമാർ കൂട്ടിച്ചേർത്തു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ശേഷം ടാപ്പ് ഉടൻ പുനർനിർമിക്കുമെന്ന് സംഗ്രാംപൂർ ബിഡിഒ മാധ്യമങ്ങളോട് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad