അന്യഗ്രഹജീവികളുടെ തെളിവ് കണ്ടെത്താന്‍ പ്രത്യേക ദൗത്യവുമായി നാസ
ന്യൂയോര്‍ക്ക് : അന്യഗ്രഹജീവികളെ കുറിച്ചുള്ള കഥകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ അന്യഗ്രഹജീവികളെ കണ്ടെത്തിയതായി സ്ഥിരീകരണമില്ലെന്നതാണ് യാഥാര്‍ഥ്യം. ഭൂമിക്ക് പുറത്ത് ജീവന്‍റെ തെളിവ് കണ്ടെത്താന്‍ പ്രത്യേക ദൗത്യവുമായി രംഗപ്രവേശം ചെയ്യുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയെ പോലെ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളില്‍ നിന്ന് 2050ഓടെ അന്യഗ്രഹജീവികളെയും ജീവന്‍റെ അംശത്തെയും കണ്ടെത്താന്‍ നാസ അത്യാധുനിക ടെലിസ്‌കോപ് (ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി) തയ്യാറാക്കും.
ഈ തലമുറയുടെ കാലത്ത് തന്നെ അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നാസ. സൂപ്പര്‍ ഹബിള്‍ എന്നാണ് ഈ ഗവേഷണത്തിന് നല്‍കിയിരിക്കുന്ന പേര്. ജീവന്‍റെ അംശമുണ്ടോയെന്ന് പഠിക്കാന്‍ സൂര്യനെ ചുറ്റുന്ന ഭൂമിയെ പോലെ സാഹചര്യങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന 25 ഗ്രഹങ്ങളെ നാസ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടാകാം ഇവിടങ്ങളില്‍ എന്നതാണ് ഈ ഗ്രഹങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണം.
സൗരയൂഥത്തിന് പുറത്ത് ജീവന്‍ കണ്ടെത്താനുള്ള പ്രത്യേക പരിശ്രമങ്ങള്‍ക്കായുള്ള ടെലിസ്‌കോപ്പ് വികസിപ്പിക്കാന്‍ 17.5 മില്യണ്‍ ഡോളറാണ് നാസ വകയിരുത്തിയിരിക്കുന്നത്. മറ്റ് ഗ്രഹങ്ങളില്‍ ജീവനുണ്ടെങ്കില്‍ ജീവജാലങ്ങൾ പുറത്തുവിടുന്ന ബയോസിഗ്നേച്ചറുകളുടെ നിരവധി രൂപങ്ങൾ തിരിച്ചറിയുക എന്നതാണ് ഹാബിറ്റബിൾ വേൾഡ്സ് ഒബ്സർവേറ്ററിയുടെ ലക്ഷ്യം. ബയോഗ്യാസുകള്‍, എയറോസോൾ തുടങ്ങിയ ബയോസിഗ്നേച്ചറുകള്‍ കണ്ടെത്താന്‍ ഇതിലൂടെ കഴിയുമെന്ന് നാസ പ്രതീക്ഷിക്കുന്നു.
2050-ഓടെ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നാസയുടെ പുതിയ ടെലിസ്കോപ് വരുന്നത്. 2040ല്‍ ഇതിന്‍റെ പ്രവര്‍ത്തനം തുടങ്ങും. മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ജീവന്‍റെ സിഗ്നലുകൾ എച്ച്‌ഡബ്ല്യൂഒ കണ്ടെത്തുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള നാസയുടെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. ജെസ്സി ക്രിസ്റ്റ്യൻസെൻ പറഞ്ഞു. ഗ്രഹങ്ങളെ വിശദമായി ചിത്രീകരിക്കുന്ന ടെലിസ്‌കോപ്പ് അവയുടെ അന്തരീക്ഷം സൂക്ഷ്മമായി പരിശോധിച്ചാണ് ജീവന്‍റെ അടയാളങ്ങള്‍ തേടുക.
No comments
Post a Comment