വടക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷം; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. അതേസമയം കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. വയനാട് പുൽപ്പള്ളിയിൽ 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു.
താഴെയങ്ങാടി ചേലാമഠത്തിൽ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് വീടുകളും തകർന്നു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണു. മലപ്പുറം വടശേരിയിൽ റോഡിന് കുറുകെ മരം വീണു. എടവണ്ണ അരീക്കോട് റോഡിൽ മരം വീണ് വൈദ്യുതി ലൈനും തകർന്നു.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. താമരശേരി, കുറ്റ്യാടി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഇതേത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഫയർ ഫോഴ്സും ഹൈ വേ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു
No comments
Post a Comment