Header Ads

  • Breaking News

    പരിപ്പായിയിലെ നിധിശേഖരം; സ്വര്‍ണലോക്കറ്റ് കണ്ടെത്തി.




    ശ്രീകണ്ഠപുരം (കണ്ണൂർ): ചെങ്ങളായി പരിപ്പായിയില്‍ നിധി ശേഖരം കണ്ടെത്തിയ സ്ഥലത്തുനിന്ന് സ്വർണ ലോക്കറ്റ് കണ്ടെത്തി.

    തിങ്കളാഴ്ച ഉച്ചയോടെയാണ് നിധികുംഭം കണ്ടെത്തിയ പരിപ്പായി ജി.എല്‍.പി സ്കൂള്‍ പരിസരത്തെ റബർ തോട്ടത്തില്‍ സ്വർണലോക്കറ്റും കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ പാത്രത്തില്‍നിന്ന് ഇവ തെറിച്ചുവീണതാകുമെന്നാണ് കരുതുന്നത്. ഈ സ്വർണലോക്കറ്റും കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. കണ്ടെടുത്ത നിധിശേഖരം സംബന്ധിച്ച്‌ തളിപ്പറമ്ബ് റവന്യൂ ഡിവിഷനല്‍ ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് കലക്ടർ പുരാവസ്തു വകുപ്പിന് കൈമാറിയതായാണ് വിവരം. വസ്തുക്കളുടെ പരിശോധനക്ക് പുറമെ നിധി കണ്ടെത്തിയ സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. ഇതിന്റെ ബാക്കി ഭാഗങ്ങള്‍ ഈ സ്ഥലത്ത് ഉണ്ടോയെന്നും കാലഗണനയും മൂല്യവും മറ്റ് കാര്യങ്ങളുമാണ് പുരാവസ്തു വകുപ്പ് പരിശോധിക്കേണ്ടത്. അതേസമയം, വകുപ്പ് മന്ത്രിയുടെ നാട്ടില്‍ നിധി കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തത് ചർച്ചയായിട്ടുണ്ട്. മന്ത്രി പ്രഖ്യാപനം നടത്തി നാലു ദിനം പിന്നിട്ടിട്ടും പുരാവസ്തുവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കാനോ ലഭിച്ച വസ്തുക്കള്‍ പരിശോധിക്കാനോ എത്തിയിട്ടില്ല.

    തൊഴിലുറപ്പ് തൊഴിലാളികളാണ് കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലും തിങ്കളാഴ്ചയും മഴക്കുഴിയെടുക്കുന്നതിനിടെ ലഭിച്ച നിധിശേഖരം അധികൃതർക്ക് കൈമാറിയത്. വ്യാഴാഴ്ച 17 മുത്തുമണി, 13 സ്വര്‍ണലോക്കറ്റുകള്‍, കാശ്മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളിനാണയങ്ങള്‍, ഇത് സൂക്ഷിച്ചുവെന്ന് കരുതുന്ന ഭണ്ഡാരം പോലുള്ള വസ്തു എന്നിവയാണ് കണ്ടെത്തിയത്. ശനിയാഴ്ച അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വര്‍ണ മുത്തുമണികളുമാണ് കണ്ടെത്തിയത്. അതിലൊന്ന് വലുതാണ്. സുജാതയുടെ ചുമതലയിലുള്ള പത്തൊമ്ബതംഗ തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ തോട്ടത്തില്‍ മഴക്കുഴി നിർമിക്കുന്നതിനിടയിലാണ് നിധിശേഖരം കണ്ടെത്തിയത്. ഒരുമീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചു. എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സ്വര്‍ണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. ഇവ തളിപ്പറമ്ബ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad