സ്‌കൂളുകളിലെ അനധികൃത പണപ്പിരിവില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി
സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെ ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്നും വിഷയത്തില്‍ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയും വിദ്യാകിരണം മിഷന്‍ വഴിയും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ഇത് അക്കാദമിക മികവ് ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ അടക്കം വിദ്യാഭ്യാസ സൂചികകളില്‍ കേരളം ഇപ്പോള്‍ പ്രഥമ ശ്രേണിയിലാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വിദ്യാഭ്യാസ രംഗത്തെ ആധുനിക സാങ്കേതിക വിദ്യയുമായി ഉള്‍ച്ചേര്‍ക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. എല്ലാ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ പരിശീലനം നല്‍കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ‘എഐ’ പഠനം സിലബസിന്റെ ഭാഗമാക്കുന്നതുമായ ആദ്യ സംസ്ഥാനമാണ് കേരളം. ഇങ്ങിനെയുള്ള വിദ്യാഭ്യാസ വികസനങ്ങളിലൂടെ കടന്നു പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന അനധികൃത പണപ്പിരിവ് സംബന്ധിച്ച പരാതികളെന്നും ഇതിനു പുറകില്‍ ഏത് സ്‌കൂള്‍ ആണെങ്കിലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിച്ച മലപ്പുറം പെരിന്തല്‍മണ്ണ ഉപജില്ലയിലെ ബുസ്താനുല്‍ ഉലൂം സെന്‍ട്രല്‍ സ്‌കൂള്‍ അടച്ചു പൂട്ടിയ കാര്യം എല്ലാ സ്‌കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
No comments
Post a Comment