Header Ads

  • Breaking News

    മെഡൽ നേട്ടമുയർത്താൻ ഇന്ത്യ; മനു ഭാകറിന് പിന്നാലെ രമിതയും അർജുനും, ഫൈനലിൽ ഇന്ന് എയർ റൈഫിളെടുക്കും




    പാരിസ്: പാരീസ് ഒളിംപിക്സിന്റെ രണ്ടാം ദിനത്തിൽ ഷൂട്ടിങിൽ മനു ഭാകർ വെങ്കലം നേടിയതിന് പിന്നാലെ ഷൂട്ടിങ് റേഞ്ചില്‍ നിന്നും കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിച്ച് ഇന്ത്യ. ഒളിംപിക്‌സിന്റെ മൂന്നാം ദിനമായ ഇന്ന് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രമിത ജിന്‍ഡാളും പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ അര്‍ജുന്‍ ബബുതയും ഫൈനൽ കളിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് രമിതയുടെ ഫൈനല്‍. അര്‍ജുന്റെ ഫൈനല്‍ മത്സരം 3.30-നാണ്. അമ്പെയ്ത്തില്‍ പുരുഷ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവും ഇന്നാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു വെങ്കലം നേടിയത്. ഒളിംപിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും മനു ഇതോടെ സ്വന്തം പേരിലാക്കി. ഈ ഒളിംപിക്സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘവുമായി എത്തിയ ഇന്ത്യൻ സംഘത്തിനും വലിയ ആത്മവിശ്വാസമേകുന്നതായിരുന്നു ഈ മെഡൽ നേട്ടം. നിരാശ മാത്രം നൽകിയ പിറ്റിലെ ആദ്യ ദിനത്തില്‍ ടോക്കിയോയിലേതുപോലെ പാരീസിലും ഉന്നം പിഴക്കുമോ എന്ന ആശങ്ക ഇന്ത്യൻ കായിക ആരാധകര്‍ക്കുണ്ടായിരുന്നു. ആ ആശങ്കകളെ കൂടിയാണ് മനു ഭാകർ വെടിവെച്ചിട്ടത്. 15 ഇനങ്ങളിലായി മത്സരിക്കുന്ന ഇന്ത്യയുടെ 21 ഷൂട്ടർമാർക്കും ആത്മവിശ്വാസം ഏറെ നൽകുന്ന നേട്ടം. താരത്തിന് ഇനി രണ്ട് ഇനങ്ങള്‍ കൂടി ബാക്കിയുണ്ട്. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനുവിന് ഇന്ന് യോഗ്യതാ മത്സരമുണ്ട്.


    No comments

    Post Top Ad

    Post Bottom Ad