Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവള പരിസരത്തു നിന്ന് ഒഴുകിയെത്തും ദുരിതം; വലഞ്ഞ് വീട്ടുകാർ



    മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തോടുകളും ഓവുചാലുകളും മണ്ണ് നിറഞ്ഞു കിടക്കുന്നതു കാരണം വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. യഥാസമയം ഓവുചാലുകൾ ശുചീകരിക്കാത്തതാണു പ്രശ്നം.ഭീതിയോടെ മഴക്കാലം; മതിൽതകർത്ത് വെള്ളം എല്ലാ മഴക്കാലത്തും വിമാനത്താവള പരിസരത്ത് മട്ടന്നൂർ, കീഴല്ലൂർ പ്രദേശത്തെ ഏതാനും വീട്ടുകാർക്ക് മാറിത്താമസിക്കേണ്ടി വരാറുണ്ട്. ഇത്തവണ മേയ് 23ന് അർധരാത്രി മഴവെള്ളം കുത്തിയൊഴുകി കല്ലേരിക്കരിക്കരയിലെ വീടുകളിൽ വെള്ളം കയറി. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനു സമീപം മഴവെള്ളം കുത്തിയൊഴുകാതിരിക്കാൻ നിർമിച്ച തടയണയുടെ മതിൽ തകർത്താണ് വെള്ളം ഒഴുകിയത്.

    ദുരിതം‌ തുടർക്കഥ

    ∙ കഴിഞ്ഞ വർഷവും ഇതേ രീതിയിൽ മതിൽ തകർത്ത് വെള്ളം ഒഴുകിയിരുന്നു. അന്നും ഡ്രെയ്നേജിൽ മണ്ണ് നിറഞ്ഞതാണ് അപകടത്തിനു കാരണമെന്നും കണ്ടെത്തിയിരുന്നു.

    കോടികൾ മുടക്കിയ നിർമാണം

    വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ പദ്ധതിപ്രദേശത്തെ മഴവെള്ളം പുറത്തേക്ക് സുഗമമായി പോകാൻ പദ്ധതി തയാറാക്കിയിരുന്നു. തോടുകളും ഓവുചാലുകളും നിർമിച്ചാണ് വെള്ളം ഒഴുകാനുള്ള വഴി ഒരുക്കിയത്. ഇതിനായി സ്ഥലമേറ്റെടുക്കുകയും കോടികൾ ചെലവഴിച്ച് നിർമാണം നടത്തുകയും ചെയ്തു. എന്നാൽ, വെള്ളം ഒഴുകാൻ നിർമിച്ച തോടുകളിൽ ഈ മഴക്കാലത്തും മണ്ണ് നിറഞ്ഞു കിടക്കുന്നത് കാണാം.വെള്ളം ഇവിടെ നിറഞ്ഞ ശേഷം ഒഴുകുമ്പോൾ അപകടസാധ്യത കുറവായിരുന്നു. എന്നാൽ ഇവിടെ മണ്ണ് വന്നു നിറഞ്ഞതിനാൽ വെള്ളം മതിലും തകർത്താണ് ഒഴുകുന്നത്. നിലവിൽ തോട് വഴി അല്ലാതെ മതിൽ പൊളിഞ്ഞ ഭാഗത്തു കൂടിയും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. മഴക്കാലത്ത് ഇത് വലിയ നാശനഷ്ടമാണ് പരിസരവാസികൾക്കു വരുത്തിവയ്ക്കുന്നത്. വീണ്ടും വെള്ളം ഒഴുകി ദുരിതമാകും മുൻപേ മണ്ണ് നീക്കി ജലമൊഴുക്ക് സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


    No comments

    Post Top Ad

    Post Bottom Ad