Header Ads

  • Breaking News

    മണിക്കൂറുകള്‍കൊണ്ട് പുഴയ്ക്ക് കുറുകെ പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം




    വയനാട് ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ എണ്ണം 147 ആയി. ഒരൊറ്റ രാത്രികൊണ്ട് ഒരു നാടൊന്നാകെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കാന്‍ കേരളം തയ്യാറായിരുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന സംശയവും കേരളത്തിനുണ്ടായിരുന്നില്ല. രാത്രിയെന്നോ പകലെന്നോ നോക്കാതെ സാധ്യമായ സംവിധാനങ്ങളെയെല്ലാം വയനാട്ടിലെത്തിച്ച സര്‍ക്കാര്‍ കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തേയും സമീപിച്ചു.


    കേരളാ പൊലീസും ഫയര്‍ഫോഴ്‌സും വിവിധ രക്ഷാപ്രവര്‍ത്തന സംഘടനകളും ആദ്യം വയനാട്ടിലെത്തി. പിന്നാലെ ഇന്ത്യന്‍ സൈന്യവും എയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലെത്തിയതോടെ പ്രതീക്ഷകളുടെ കരങ്ങള്‍ ഉയരുകയായിരുന്നു പിന്നീട്.


    സ്വന്തം ജീവന്‍പോലും പണയംവെച്ച് കുത്തിയൊലിക്കുന്ന പുഴയ്ക്ക് കുറുകെ റോപ്പിലൂടെ മറുകരയിലത്തി ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍. തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തി. തുടര്‍ന്ന് വൈദ്യസഹായവും നല്‍കിഇന്ത്യന്‍ സൈന്യം മണിക്കൂറുകള്‍കൊണ്ട് പുഴയ്ക്ക് കുറുകെ താല്‍ക്കാലികമായി പാലം നിര്‍മിച്ചു. മദ്രാസ് എഞ്ചിനിയേഴ്‌സ് ഗ്രൂപ്പിന്റെ എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സാണ് മണിക്കൂറുകള്‍കൊണ്ട് താല്‍ക്കാലിക പാലം ഉയര്‍ത്തിയത്. 110 അടിയുള്ള ബെയ്‌ലി പാലമാണ് നിര്‍മിച്ചത്.


    ഇന്ത്യന്‍ ആര്‍മിയുടെ സതേണ്‍ കമാന്റിന്റെ 200 പേരുള്‍പ്പെട്ട രക്ഷാസംഘമാണ് ഇവിടെ എത്തിയിരിക്കുന്നത്. സൈന്യം അപകടമേഖലയില്‍ മെഡിക്കല്‍ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അടിയന്തരമായ വൈദ്യസഹായം നല്‍കിവരികയാണ്.


    വ്യോമസേന ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ഒറ്റപ്പെട്ടു പോയവരെ അപകടമേഖലയില്‍ നിന്നും രക്ഷിക്കുന്നുമുണ്ട്. മണം പിടിക്കാന്‍ കഴിവുള്ള മൂന്ന് സ്‌നിഫര്‍ ഡോഗുകളെയും സൈന്യം എത്തിച്ചിട്ടുണ്ട്.


    ഉരുൾപൊട്ടല്‍ ദുരന്ത സാഹചര്യത്തെ തുടർന്ന് ചൂരല്‍മല ടൗണ്‍ വരെ കെഎസ്ഇബി വൈദ്യുതി എത്തിച്ചു. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും കെഎസ്ഇബിക്ക് ക‍ഴിഞ്ഞു.


    രക്ഷാപ്രവര്‍ത്തനത്തിനായി കേരള പൊലീസിന്റെ നായ്ക്കളായ മായയും മര്‍ഫിയും ദുരന്തമുഖത്ത് എത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ നിന്നും 30 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും.


    പെട്ടിമുടി ദുരന്തസമയത്തും രക്ഷാ ദൗത്യത്തിന് സഹായിച്ച മായയും മര്‍ഫിയും ഇന്ന് ഉച്ചയോടെയായിരിക്കും വയനാട്ടിലെത്തുക. പെട്ടിമുടി ദുരന്തത്തില്‍ നിന്ന് 8 മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു


    No comments

    Post Top Ad

    Post Bottom Ad