സംസ്ഥാനത്ത് മത്സ്യവിത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ പ്രത്യേക സ്ക്വാഡ്
തിരുവനന്തപുരം :- സംസ്ഥാനത്ത് മീനുകൾക്ക് രോഗബാധയുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഗുണമേന്മയുള്ള മത്സ്യവിത്താണ് കർഷകർക്ക് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനും 'കേന്ദ്ര ഇൻസ്പെക്‌ഷൻ കം സീഡ് അനാലിസിസ് സ്ക്വാഡ്' വരുന്നു. 2014- ലെ മത്സ്യവിത്ത് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സ്ക്വാഡ് പ്രവർത്തിക്കുക. ഫിഷറീസ് വകുപ്പും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രവും ചേർന്നാണ് പദ്ധതി നടപ്പാക്കുക. മത്സ്യ വിത്ത് കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാകും സ്ക്വാഡിന്റെ നിയമനവും തുടർപ്രവർത്തനവും. ജലാശയങ്ങളിലെയും മത്സ്യക്കൃഷിയിടങ്ങളിലും പെട്ടെന്നുണ്ടാകുന്ന രോഗബാധ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. കൃഷിക്കാർക്ക് ഇതുകാരണമുണ്ടാകുന്ന നഷ്ടവും നിസ്സാരമല്ല. ഈ സാഹചര്യത്തിൽ എവിടെയെങ്കിലും രോഗബാധ കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ശ്രദ്ധയിൽപ്പെട്ടാലുടൻ നടപടിയെടുക്കാനും ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രത്യേക സംഘവും പ്രവർത്തിക്കും.
ജലജീവികളുടെ ആരോഗ്യനിരീക്ഷണത്തിനും തുടർനടപടികൾക്കുമായി ഫിഷറീസ് വകുപ്പ് പ്രത്യേക പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. 80 ലക്ഷം രൂപയാണ് ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ്. ജല ജീവികൾക്ക് രോഗബാധയുണ്ടോയെന്ന് കണ്ടെത്താൻ പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ), മൈക്രോബയോളജിക്കൽ പരിശോധനകൾ നടത്തും. സംസ്ഥാനത്തുള്ള ഏഴ് അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബുകളിലാകും പരിശോധന.
No comments
Post a Comment