Header Ads

  • Breaking News

    പൊലീസിനാകെ അപമാനം'; ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച യുഎസ് പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു




    ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാർട്ട്മെന്‍റിനാകെ അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് നടപടി. 2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കാണ്ടുല അമിത വേഗതയിലെത്തിയ യുഎസ് പൊലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ കുർണൂൽ സ്വദേശിനിയായിരുന്ന ജാഹ്നവി. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു. കെവിൻ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചിരുന്നത്. ഈ സമയം  ഏതാണ്ട്  119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനമെന്ന് പിന്നീട് കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ 100 അടിയോളം അകലേക്ക് ജാഹ്നവി തെറിച്ചുവീണു.

    അപകട സമയത്ത് പൊലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഫോണില്‍ സംസാരിക്കുമ്പോഴാണ് ജാഹ്നവിയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നുമാണ്  ഡാനിയല്‍ ഫോണിൽ പറഞ്ഞത്. സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ. ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയുണ്ടായി. 

    No comments

    Post Top Ad

    Post Bottom Ad