Header Ads

  • Breaking News

    ന്യൂട്രാസ്യൂട്ടിക്കല്‍സ് ഹബ്ബാവാനൊരുങ്ങി കേരളം; താല്‍ക്കാലിക പരീക്ഷണശാലകള്‍ ഉടന്‍ സ്ഥാപിക്കും




    തിരുവനന്തപുരത്ത് ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവവൈവിധ്യ ‘ഹോട്ട്‌സ്‌പോട്ട്’ എന്ന നിലയില്‍ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം എന്നിവയാല്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. ജൈവവൈവിധ്യ ‘ഹോട്ട്‌സ്‌പോട്ട്’ എന്ന നിലയില്‍ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


    കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ അനുവദിച്ച സ്ഥലത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് പ്രവര്‍ത്തനമാരംഭിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയുടെ നിലവിലുള്ള സൗകര്യത്തില്‍ താല്‍ക്കാലികമായി ആവശ്യമായ പരീക്ഷണശാലകള്‍ ഉടന്‍ സ്ഥാപിക്കും.

    പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതിനാലും പ്രകൃതിജന്യ വസ്തുക്കളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള ന്യൂട്രാസ്യൂട്ടിക്കല്‍സ്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. പ്രമേഹം, അലര്‍ജി, അല്‍ഷിമേഴ്‌സ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, നേത്രരോഗങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, അമിതവണ്ണം തുടങ്ങിയവയുടെ ചികിത്സയ്ക്കും ന്യൂട്രാസ്യൂട്ടിക്കല്‍സ് ഉപയോഗപ്രദമാണ്.ഇന്ത്യയുടെ ഹെര്‍ബല്‍ – ആയുര്‍വേദ – സുഗന്ധവ്യഞ്ജന – സമുദ്രഭക്ഷ്യ തലസ്ഥാനമാണ് കേരളം. സസ്യങ്ങളുടെയും സമുദ്രജല വിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിന് സഹായകരമായ സ്ഥാപനങ്ങളൊന്നും കേരളത്തില്‍ നിലവിലില്ല എന്നിടത്താണ് ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സി’ന്റെ പ്രസക്തി.നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയവയെ കണ്ടെത്തുകയും അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപവല്‍ക്കരിക്കുകയും ചെയ്യുന്ന വിപുലമായ ഗവേഷണ കേന്ദ്രമാണ് ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്


    No comments

    Post Top Ad

    Post Bottom Ad