Header Ads

  • Breaking News

    ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക



    കൊച്ചി : ഓൺലൈൻ യോഗങ്ങളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ലിങ്കിൽ കയറിയ അജ്ഞാതർ അഴിഞ്ഞാടുന്ന സംഭവങ്ങൾ വർധിക്കുന്നതായി സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. ശനിയാഴ്‌ച നടന്ന ഓൺലൈൻ സിനിമാ സംവാദത്തിനിടെ അശ്ലീല വീഡിയോയാണ്‌ അജ്ഞാതർ പ്രദർശിപ്പിച്ചത്‌. “ഉള്ളൊഴുക്ക്’ സിനിമയെ വിശകലനം ചെയ്യുന്ന ഗൂഗിൾ മീറ്റിനിടെയാണ്‌ ഉത്തരേന്ത്യൻ സ്വദേശികളെന്ന്‌ സംശയിക്കുന്ന രണ്ടുപേർ അശ്ലീല വീഡിയോയിട്ടത്‌. ഗുരുവായൂർ ദർപ്പണ ഫിലിം ആൻഡ്‌ കൾച്ചറൽ സൊസൈറ്റിയും കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ചേർന്നാണ്‌ സംവാദം സംഘടിപ്പിച്ചത്‌. അശ്ലീല വീഡിയോ പ്രദർശിപ്പിച്ചവർക്കെതിരെ ദർപ്പണ സെക്രട്ടറി കെ.സി. തമ്പി പൊലീസിന്‌ പരാതി നൽകി.

    മെട്രോ ഫിലിം സൊസൈറ്റി ഓൺലൈൻ ഗൂഗിൾ മീറ്റിന്റെ ലിങ്ക്‌ 27ന്‌ ഫെയ്‌സ്‌ബുക്കിൽ നൽകിയിരുന്നു. ഇതിൽ കയറി വീഡിയോ ഇട്ടതായാണ്‌ സംശയിക്കുന്നത്‌. വാട്‌സാപ് ഗ്രൂപ്പുകളിലും ലിങ്ക് നൽകിയിരുന്നു. കവിയും അധ്യാപികയുമായ വി.കെ. ഷാഹിനയായിരുന്നു മുഖ്യപ്രഭാഷണം. ഷാഹിന സിനിമയെക്കുറിച്ച്‌ രാത്രി 7.40ന് വിശകലനം ചെയ്‌തുതുടങ്ങി ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരാൾ തന്റെ കംപ്യൂട്ടറിൽ സേവ് ചെയ്ത അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന്‌ ഗൂഗിൾ മീറ്റ്‌ അവസാനിപ്പിച്ച്‌ സൈബർ സെല്ലിന്‌ പരാതി നൽകി.

    ഇത്തരം പൊതു ഗൂഗിൾ മീറ്റുകളുടെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നൽകുമ്പോൾ ഏറെ ശ്രദ്ധ വേണമെന്ന്‌ സൈബർ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. മീറ്റ്‌ ആരംഭിക്കുമ്പോൾ കൃത്യമായി നിരീക്ഷിച്ച്‌ പ്രശ്‌നക്കാരെ പുറത്താക്കുകയാണ്‌ ഏക പോംവഴി.

    No comments

    Post Top Ad

    Post Bottom Ad