Header Ads

  • Breaking News

    കൃഷ്ണയുടെ മരണം: ഡോക്ടറെ സസ്പെൻഡ് ചെയ്താൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് ഡോക്ടർമാരുടെ സംഘടന



     തിരുവനന്തപുരം: കുത്തിവെപ്പെ‌ടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജിഎംഒഎ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് എഡിഎം നാട്ടുകാർക്ക് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രതികരണം.  അപൂർവ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവർത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടർക്കെതിരെ അന്യായമായ ശിക്ഷാനടപടികൾ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. 

    അതീവ ഗുരുതരാവസ്ഥയിലായ രോഗിക്ക് നെയ്യാറ്റിൻകര ആശുപത്രിയിൽ സാധ്യമായ ചികിത്സ നൽകുകയും വെന്‍റിലേറ്റര്‍ അടക്കമുള്ള ജീവൻ രക്ഷാ ഉപാധികൾ ലഭ്യമായ ആംബുലൻസിൽ താമസം വിനാ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. മുൻകൂട്ടി പ്രവചിക്കാനാവാത്ത ഇത്തരം സങ്കീർണതയ്ക്ക് കൃത്യമായ ചികിത്സ നൽകിയിട്ടും ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധപ്പെട്ട ഡോക്ടറെ വേട്ടയാടുന്നത് യാതൊരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.  

    ഏത് മരുന്നിന് എപ്പോഴാണ് റിയാക്ഷൻ വരിക എന്ന് പറയാൻ സാധിക്കില്ല എന്നിരിക്കെ, ഇഞ്ചക്ഷൻ നൽകാൻ കുറിപ്പ് എഴുതിയ ഡോക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് പറയുന്നത് അംഗീകരിക്കാൻ ആവില്ല. ഒരു മരുന്നിന് ഉണ്ടാകുന്ന പാർശ്വഫലങ്ങൾക്ക് ഡോക്ടർ ഉത്തരവാദിയാവുക, രോഗം മൂർച്ഛിക്കുമ്പോഴോ സർജറിയുടെ പാർശ്വഫലമായോ ഉണ്ടാകുന്ന സങ്കീർണതകൾക്ക് ഡോക്ടറെ പഴിചാരുക, കുറ്റം ചുമത്തുക, തുടങ്ങിയവയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എങ്കിൽ ഡോക്ടർമാരുടെ മനോവീര്യം തളാരാതെ നോക്കാൻ സംഘടനക്ക് ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും.

    No comments

    Post Top Ad

    Post Bottom Ad