വയനാട് ദുരന്തം; ’10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും; 1200 കോടിയുടെ നഷ്ടം കണക്കാക്കി’; മന്ത്രി കെ രാജൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണ്. 1200 കോടിയുടെ നഷ്ടം കണക്കാക്കി പ്രാഥമിക കണക്ക് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതലയെന്നും കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കണക്കുകൾ സാങ്കേതികം മാത്രമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രി നൽകിയ നിവേദനത്തിൽ അക്കമിട്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഏകദേശം ചെയ്യേണ്ട സഹായത്തിന്റെ രൂപരേഖ കേന്ദ്രത്തിന് കിട്ടിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ വരവിനെ പോസിറ്റിവായിട്ടും വളരെ പ്രതീക്ഷയോടെയും ആണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെ നേതൃത്വത്തിൽ വാടക വീടുകൾക്കായുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘം ഇന്നും പരിശോധന തുടരും.
No comments
Post a Comment