മൺസൂൺ മഴ 10% കനത്തു ; കാരണം കാലാവസ്‌ഥാ വ്യതിയാനം
കോഴിക്കോട് :- ചൂരൽമലയിലെ ഉരുൾപൊട്ടലിനു കാരണമായ മഴയുടെ ശക്തി 10% വർധിക്കാനിടയായതു മനുഷ്യരുടെ ഇടപെടലുകൾ മൂലമുണ്ടായ കാലാവസ്‌ഥാ വ്യതിയാനമെന്ന് രാജ്യാന്തര പഠനറിപ്പോർട്ട്. സമാനരീതിയിലുള്ള വൻ ഉരുൾപൊട്ടലുകൾക്കു സാധ്യത വർധിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രനാശം വിതയ്ക്കുന്ന കാലാവസ്‌ഥാ വ്യതിയാനങ്ങളെക്കുറിച്ചു പഠിക്കുന്ന രാജ്യാന്തര കൂട്ടായ്‌മയായ 'വേൾഡ് വെതർ ആട്രിബ്യൂഷനാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യ, മലേഷ്യ, യുഎസ്, സ്വീഡൻ, നെതർലൻഡ്‌സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ള 24 ഗവേഷകരാണു പഠനം നടത്തിയത്.
വയനാട്ടിൽ മൺസൂണിൽ ഒരു ദിവസം ലഭിക്കുന്ന മഴയുടെ ശക്തി 10 ശതമാനത്തോളം കൂടാനിടയായതു കാലാവസ്‌ഥാ വ്യതിയാനം നിമിത്തമാണ്. ഒറ്റദിവസം പെയ്യുന്ന മഴയുടെ അളവ് ഓരോ വർഷം കഴിയുംതോറും 4% വീതം വർധിക്കാനാണു സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്‌ഥാ വ്യതിയാനത്തിനു മുൻപ് ഇത്തരം കനത്ത മഴ അത്യപൂർവമായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ അന്തരീക്ഷ താപനിലയിൽ 1.3 ഡിഗ്രി സെൽഷ്യസിന്റെ് വർധനയാണ് ഉണ്ടായത്.
ഉരുൾപൊട്ടലുണ്ടായ ദിവസം വയനാട്ടിൽ പെയ്തത് 14 സെൻ്റീമീറ്റർ മഴയാണെന്നും ഇതു ലണ്ടൻ നഗരത്തിൽ ഒരു വർഷം ലഭിക്കുന്ന മഴയുടെ കാൽഭാഗത്തോളം വരുമെന്നും വേൾഡ് വെതർ ആട്രിബ്യൂഷൻ ഗവേഷണസംഘത്തിലെ അംഗവും ലണ്ടൻ ഇംപീരിയൽ കോളജിലെ ഗ്രാൻഥം ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകയുമായ മറിയം സഖറിയ പറഞ്ഞു. മൺസൂൺ മഴയിൽ മണ്ണു പരമാവധി കുതിർന്നിരിക്കുന്ന അവസ്ഥയിലാണ് ഒരു ദിവസത്തിനുള്ളിൽ കനത്ത മഴ പെയ്തത്. സംസ്ഥഥാനത്തു പെയ്‌ത ഏറ്റവും കനത്ത മഴകളിൽ മൂന്നാമത്തേതാണ് ഈ ദിവസം ലഭിച്ചത്.
No comments
Post a Comment