Header Ads

  • Breaking News

    2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു: 65 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ അവസരം

    പ്രതീകാത്മക ചിത്രം

    കൊണ്ടോട്ടി: അടുത്തവർഷത്തെ ഹജ്ജ് തീർഥാടനത്തിൽ 65 വയസ്സിന് മുകളിലുള്ള അപേക്ഷകർക്ക് നറുക്കെടുപ്പില്ലാതെ, നേരിട്ട് അവസരം ലഭിക്കും. ഈ വർഷംവരെ 70 വയസ്സിനു മുകളിലുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നത്. 2025-ലേക്കുള്ള ഹജ്ജ് നയത്തിലാണ് സുപ്രധാന പരിഷ്കാരം ഉൾക്കൊള്ളിച്ചിരിക്കുന്നത്. 65 വയസ്സിന് മുകളിലുള്ളവരിൽനിന്ന് സത്യവാങ് മൂലം വാങ്ങിയാകും അവസരം നൽകുക. ഇവരോടൊപ്പം 18-നും 60-നും ഇടയിൽ പ്രായമുള്ള ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കും. സംവരണത്തിനുള്ള വയസ്സിൽ ഇളവു വരുത്തിയത് കേരളത്തിൽ ആയിരക്കണക്കിന് അപേക്ഷകർക്ക് നേട്ടമാകും. അപേക്ഷിച്ചാൽ ഉടൻ അവസരം ലഭിക്കുമെന്നതിനാൽ കൂടുതൽ പേർ അപേക്ഷകരായുണ്ടാകും.

    ഇന്ത്യക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വാട്ടയുടെ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് വീതം വെക്കുക. ഒരു കവറിൽ പരമാവധി അഞ്ച് മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും (രണ്ടു വയസ്സിൽത്താഴെ) അപേക്ഷിക്കാം. മെഹ്റമില്ലാത്ത വനിതകളുടെ സംഘത്തിന് നിലവിൽ തുടരുന്ന മുൻഗണന ലഭിക്കും. 65 വയസ്സിന് മുകളിലുള്ള മെഹ്റമില്ലാത്ത വനിതകളുള്ള സംഘത്തിൽ 45-നും 60 ഇടയിലുള്ള സഹതീർഥാടക നിർബന്ധമാണ്.

    കേരളത്തിൽ കരിപ്പൂർ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളായി നിലനിർത്തിയിട്ടുണ്ട്. രാജ്യത്താകെ 20 പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്. ഏതെങ്കിലും പുറപ്പെടൽകേന്ദ്രത്തിൽ ആളുകൾ ക്രമാതീതമായി കുറഞ്ഞാൽ കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം ക്രമീകരണം നടത്തി തീർഥാടകരെ മറ്റു പുറപ്പെടൽ കേന്ദ്രത്തിലേക്ക് മാറ്റും. ഹെൽത്ത് ആൻഡ് ട്രെയിനിങ് കാർഡ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ഓറൽ പോളിയോ തുടങ്ങിയവ നില നിർത്തിയിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad