വയനാട് ദുരന്ത ബാധിതര്‍ക്കുള്ള വാടക തുക നിശ്ചയിച്ചു; പ്രതിമാസം 6000 രൂപ വരെ അനുവദിക്കും
വയനാട് ദുരിതബാധിതർക്ക് വാടക വീടിനായുള്ള തുക നിശ്ചയിച്ച് സർക്കാർ ഉത്തരവ്. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും.എന്നാല്‍ സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നവർക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും മുഴുവൻ സ്പോൺസർഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവർക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്പോൺസർഷിപ്പ് കിട്ടുന്നവർക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10000 രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഓഗസ്റ്റ് 20നുള്ളിൽ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളിൽ വാടക വീടുകള്‍ കൈമാറാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.
No comments
Post a Comment