പ്രധാനമന്ത്രിയുടെ സന്ദർശനം: കണ്ണൂർ വിമാനത്താവളത്തിൽ അതിസുരക്ഷ
മട്ടന്നൂർ : വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തും. രാവിലെ 11.05-ഓടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തുക. തുടർന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് പോകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന എയർ ഇന്ത്യ വൺ വിമാനം വെള്ളിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ ലാൻഡിങ് നടത്തി. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും വിമാനത്താവളത്തിലെത്തി.
ആവശ്യം വന്നാൽ റോഡ് മാർഗം യാത്ര ചെയ്യുന്നതിന് ബുള്ളറ്റ് പ്രൂഫ് കാറുകളും എത്തിച്ചിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിലും മട്ടന്നൂരിലും പോലീസിന്റെ കർശന സുരക്ഷയാണ് ഒരുക്കുന്നത്. എസ്.പി.ജി ഉദ്യോഗസ്ഥർക്ക് പുറമേ കണ്ണൂരും വയനാട്ടിലുമായി 2000-ലധികം പോലീസുകാരെ വിന്ന്യസിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവർ വെള്ളിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തി. പലതവണ സുരക്ഷാ പരിശോധനകളും മോക്ഡ്രില്ലുകളും സംഘടിപ്പിച്ചു. കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
No comments
Post a Comment