കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നൂറ് കോടി കൂടി അനുവദിച്ചു
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്‌പ്) 100 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.
197 സർക്കാർ ആശുപത്രികൾ, 4 കേന്ദ്ര സർക്കാർ ആശുപത്രികൾ, 364 സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ കേരളത്തിൽ ഉടനീളം നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്.മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.
ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതലുള്ള ചികിത്സ ചെലവും ആശുപത്രി വാസത്തിന് ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശ പ്രകാരം) പദ്ധതിയിലൂടെ നൽകും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമുമുണ്ട്.കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്‌പ് ചികിത്സ ലഭ്യമാകുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ് ആനുകൂല്യവും ലഭ്യമാകും
No comments
Post a Comment