Header Ads

  • Breaking News

    വയനാട്ടിൽ നാലംഗ മന്ത്രിസഭാ ഉപസമിതി, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല; ഉറപ്പ് നൽകി മുഖ്യമന്ത്രി




    കൽപ്പറ്റ: ദുരന്തത്തിലെ പ്രവർത്തനം ഒരേ മനസോടെയാണെന്ന് സർവ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി. ഇപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് രക്ഷാപ്രവർത്തനത്തിലാണ്. ഏറ്റവും മികവാർന്ന പ്രവർത്തനം പട്ടാളത്തിൻ്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താൻ മെഷിനറി ഉണ്ടായിരുന്നില്ല. പാലം വന്നതോടെ ആ പ്രതിസന്ധി മാറി. മെഷിനറികൾ ഇനി പാലത്തിലൂടെ കൊണ്ടുപോകാം. കിട്ടിയിട്ടുള്ളതിൽ ഒരു ഭാഗം ചിതറിയ ശരീരങ്ങളാണ്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകി പോയ ശരീര ഭാഗങ്ങൾ കണ്ടത്താൻ ശ്രമം തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തത്കാലം ദുരിതാശ്വാസ ക്യാമ്പ് തുടരും. പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. കൂടുതൽ നല്ലനിലയിൽ പുനരധിവാസ പ്രക്രിയ തുടരും.ക്യാമ്പിൽ കുറേ കുടുംബങ്ങൾ താമസിക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ ക്യാമ്പിലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ട്.  കാണാൻ വരുന്നവർ ക്യാമ്പിനകത്തേക്ക് കയറരുത്. കാണാൻ റിസപ്ഷൻ പോലൊരു സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്താക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെയിരുന്നുകൊണ്ട് വിദ്യാഭ്യാസം നൽകും. അതിനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് നടത്തും. പിന്നീട് സാധാരണ നിലയിലുള്ള ക്ലാസുകളിലേക്ക് കടക്കാം. ഇതിന് പുറമെ, ആളുകൾക്കുണ്ടായിരിക്കുന്ന മാനസ്സികാഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ് നടത്തും. കൗൺസിലിങ് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. ദുരന്ത മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുളള ശ്രമം തുടരും. നിലവിൽ അവർ അതിന് തയ്യാറാകുന്നില്ല. അവര്‍ക്ക് ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു ദുരന്തം സംഭവിച്ചു, ഇതിൽ നിന്ന് മറ്റൊരു ദുരന്തം സംഭവിക്കാൻ പാടില്ല. ഇതിന്റ ഭാഗമായി വരാനിടയുള്ള മറ്റൊരു ദുരന്തം പകർച്ചവ്യാതിയാണ്. പകർച്ചവ്യാതി തടയാൻ ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുമായി എല്ലാവരും സഹകരിക്കണം. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കളായാവർ പോയാൽ മതിയെന്നും അനാവശ്യമായി തള്ളിക്കയറരുതെന്നുമുള്ള നിർദ്ദേശം സർവ്വകക്ഷി യോഗത്തിൽ വന്നതായും മുഖ്യമന്ത്രി പറഞ്ഞു.

    ധാരാളം മൃഗങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്. അത് കൃത്യമായി സംസ്കരിച്ചില്ലെങ്കിൽ അതിന്റെ ഭാഗമായി വരുന്ന ദുരന്തമുണ്ട്. അത് കൃത്യമായി സംസ്കരിക്കണം. ഈ പ്രവർത്തനങ്ങൾ എല്ലാം ഏതാനും ദിവസം കൊണ്ടോ ആഴ്ചകൊണ്ടോ പരിഹരിക്കാൻ കഴിയില്ല. സമയമെടുത്ത് പരിഹരിക്കേണ്ടി വരും. നിലവിൽ 12 ഓളം മന്ത്രിമാർ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇത് എപ്പോഴും പ്രായോഗികമല്ല, അതിനാൽ ഇനി നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി വയനാട് പ്രവർത്തിക്കും. റവന്യു മന്ത്രി കെ രാജൻ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പിഡബ്ല്യുഡി - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികക്ഷേമം വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരടങ്ങുന്ന ഉപസമിതി ഇവിടെ പ്രവർത്തിക്കും. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് പുനഃസൃഷ്ടിച്ച് കൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസം എന്താണെന്ന് തടസം ഉന്നയിച്ചവർ പറയട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് നടന് സർവ്വകക്ഷി യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കുകായയിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad