മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമബാദ്: മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടു. കറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ച് അപകടമുണ്ടാക്കിയത്.
കറാച്ചിയിലെ കര്‍സാസ് റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താന്‍ മീഡിയയുടെ വിവരമനുസരിച്ച് വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ് പ്രതി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുല്‍ അഹമ്മദ് എനര്‍ജി ലിമിറ്റഡിന്റെ ചെയര്‍മാണ് ഡാനിഷ്.
ലക്കുകെട്ട യുവതി ഓടിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ ബൈക്ക് യാത്രികരെയും കാല്‍നടക്കാരെയുമാണ് ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് യാത്രികര്‍ തത്ക്ഷണം മരിച്ചപ്പോള്‍ കാല്‍നടക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
ലാന്‍ഡ് ക്രൂയിസറാണ് ഇവര്‍ ഓടിച്ചിരുന്നത്. നടുക്കുന്ന അപകട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ബോധമില്ലാതെ നില്‍ക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇവരുടെ കാര്‍ പിന്നീട് തലകീഴായി മറിഞ്ഞു കിടക്കുന്നതും കാണാം. ഡിവൈഡറിലേക്ക് പാഞ്ഞു കയറിയെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി.
No comments
Post a Comment