ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങി
വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിലെ ഒരു സംഘം ദൗത്യം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. ഒരു സംഘം സൈനികര്‍ ഇന്ന് യാത്ര തിരിക്കും. ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിന്ന് ദുരന്ത ഭൂമിയില്‍ രക്ഷാ ദൗത്യത്തിന്റെ മുന്നണിയില്‍ സൈന്യമുണ്ടായിരുന്നു. ദുര്‍ഘടകമായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തിയും വേഗവും പകര്‍ന്നതില്‍ നിര്‍ണായകമായത് സൈന്യത്തിന്റെ സാന്നിധ്യമാണ്.
പത്തുനാള്‍ നീണ്ട രക്ഷാ ദൗത്യം കഴിഞ്ഞ് മടങ്ങുന്ന സേനാ വിഭാഗത്തിന് സര്‍ക്കാറും ജില്ലാ ഭരണകൂടവും സ്നേഹനിര്‍ഭരമായ യാത്രയപ്പ് നല്‍കി. മുണ്ടക്കൈ – ചൂരല്‍മല മേഖലയിലെ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ബെയ്ലി പാലം നിര്‍മ്മാണത്തിനും ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി ആറ് മേഖലകളായി തിരിഞ്ഞുള്ള തെരച്ചിലിനും സൈന്യമാണ് നേതൃത്വം നല്‍കിയത്. ദുരന്ത മേഖലയില്‍ പരിശോധന തുടരുന്നതിന് എന്‍ഡിആര്‍എഫ്, കേരള പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഉള്‍പ്പടെ 1588 പേര്‍ രക്ഷാദൗത്യത്തിന് ജില്ലയില്‍തുടരും. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, ഒആര്‍ കേളു, ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ എന്നിവര്‍ സൈന്യത്തിന് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ സൈനികര്‍ക്ക് മന്ത്രിമാര്‍ ഉപഹാരവും സമ്മാനിച്ചു.
No comments
Post a Comment