സഞ്ചാരികളുടെ മനം നിറയ്ക്കാൻ പശ്ചിമഘട്ടത്തില്‍ കുറിഞ്ഞിവസന്തം
ഇടുക്കി :പീരുമേട് പരുന്തുംപാറയിലെ മൊട്ടക്കുനിന്നില്‍ കുറിഞ്ഞിവസന്തം. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ പൂവിട്ടിരിക്കുന്നത്.
മൂന്നാര്‍, നീലഗിരി എന്നിവിടങ്ങളിലാണ് കുറിഞ്ഞികള്‍ കൂടുതലായി കാണുന്നത്. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലക്കുറിഞ്ഞി പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍മാത്രമേ പൂക്കുകയുള്ളൂ. എന്നാല്‍, കുറിഞ്ഞികളില്‍ ഓരോവര്‍ഷവും പൂക്കുന്നവ മുതല്‍ 16 വര്‍ഷം കൂടുമ്ബോള്‍ പൂക്കുന്നവവരെ ഉണ്ട്.
മോഹിപ്പിക്കുന്ന നീലനിറമുള്ളതിനാല്‍ നീലക്കുറിഞ്ഞിയെന്നും, മേടുകളില്‍ കാണപ്പെടുന്നതിനാല്‍ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു. ഇളംവയലറ്റ്, നീല നിറങ്ങളിലാണ് കൂടുതല്‍. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നുമാസംവരെ കുറിഞ്ഞിപ്പൂക്കള്‍ നില്‍ക്കും.
മുന്‍വര്‍ഷങ്ങളിലും പ്രദേശത്ത് കുറിഞ്ഞി പൂത്തിരുന്നു. കൂട്ടത്തോടെ വിരിഞ്ഞുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധിയാളുകള്‍ എത്തിയിരുന്നു. മഴ ശക്തമായതും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും മൂലം ഇപ്പോള്‍ സഞ്ചാരികളില്ല.
ദക്ഷിണഭാരതത്തിന്റെ ചോലവനങ്ങളില്‍, സമുദ്രനിരപ്പില്‍നിന്ന് 1300 മുതല്‍ 2400 വരെ മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്. വിവിധ ഇടവേളകളില്‍ കൂട്ടത്തോടെ പൂക്കുന്ന 64 ഇനം കുറിഞ്ഞിയാണുള്ളത്.
No comments
Post a Comment