വിവാഹ ജീവിതത്തിലെ ക്രൂരത അക്കമിട്ടു നിരത്താനാവില്ല, സ്‌നേഹമില്ലാതെ മുന്നോട്ടുപോവേണ്ടതില്ല: ഹൈക്കോടതി
കൊച്ചി: വിവാഹ ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിര്‍വചിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്‌നേഹരഹിതമായി കുടുംബജീവിതം മുന്നോട്ടുപോകില്ലെന്നും ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വിവാഹമോചന ആവശ്യം ആലപ്പുഴ കുടുംബക്കോടതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 14 വര്‍ഷമായി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞു കഴിയുന്ന യുവതിയാണ് ഹർജിക്കാരി. കുടുംബജീവിതത്തില്‍ സാധാരണയായി ഉണ്ടാകുന്ന അസ്വാരസ്യത്തിനപ്പുറം മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലെന്ന് വിലയിരുത്തിയാണ് കുടുംബക്കോടതി യുവതിയുടെ ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2001ല്‍ 17മത്തെ വയസ്സിലാണ് ഹര്‍ജിക്കാരി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മാവേലിക്കര സ്വദേശിയോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയത്. പിന്നീട് ഇയാള്‍ ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുകയും ഹര്‍ജിക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് ഒരു കുട്ടിയും ഉണ്ടായി. മദ്യപാനിയും പരസ്ത്രീ ബന്ധങ്ങളും ഉണ്ടായിരുന്ന ഭര്‍ത്താവിൽ നിന്ന് ഹര്‍ജിക്കാരി നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായി. 2010ല്‍ വലിയ തോതില്‍ ശാരീരിക ഉപദ്രവം ഉണ്ടായതോടെ ഹര്‍ജിക്കാരി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയുമായിരുന്നു. തോന്നിയപോലെ ജീവിതം നയിക്കുന്ന മദ്യപാനിയായ ഭര്‍ത്താവില്‍നിന്ന് നേരിടുന്ന ഓരോ പ്രശ്‌നവും അക്കമിട്ട് വിശദീകരിക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. തന്നെ ഭാര്യയാണ് ഉപേക്ഷിച്ചതെന്ന എതിര്‍കക്ഷിയുടെ വാദവും കോടതി കണക്കിലെടുത്തില്ല. സഹിക്കാന്‍ കഴിയാത്ത സമ്മര്‍ദത്തില്‍നിന്ന് മോചനം നേടേണ്ടതുണ്ട്. സ്വന്തം ആഗ്രഹത്തിനു വിരുദ്ധമായി വിവാഹ ജീവിതം തുടരാന്‍ ഒരു സ്ത്രീയോട് നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
No comments
Post a Comment