Header Ads

  • Breaking News

    ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍


    ഷിരൂര്‍ : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. ഇന്ന് രാവിലെ 9ന് തെരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.

    കാര്‍വാറില്‍ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്. അതേസമയം, എകെഎം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചില്‍ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയും പറയുന്നത്.

    ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്.

    തെരച്ചില്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ കുടുംബത്തിന്റെ ആശങ്ക കര്‍ണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു


    No comments

    Post Top Ad

    Post Bottom Ad