Header Ads

  • Breaking News

    പ്രതീക്ഷ, മഴ കുറയുന്നു, അർജുനായുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ച, കാലാവസ്ഥ അനുകൂലം


    ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടിയടക്കമുളള തിരച്ചിൽ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ചയെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. നിലവിൽ വെള്ളത്തിൻ്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്. ഈ വേഗതയിൽ ഡ്രഡ്ജിംഗോ, ഡൈവിംഗോ സാധ്യമാകില്ല. പുഴയിലെ ഒഴുക്കിൻ്റെ വേഗം 3.5 നോട്ട് എങ്കിലുമെത്തിയാൽ ഡ്രഡ്ജിംഗിന് ശ്രമിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

    ഒരാൾ ഇറങ്ങി തിരയാൻ സുരക്ഷിതമായി 2 നോട്ട് ആയി പുഴയുടെ ഒഴുക്ക് വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴയുണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാല് പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ അടുത്ത നടപടി തീരുമാനിക്കുമെന്ന് കളക്ടർ അറിയിച്ചു.

    ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായ കാരണം അർജുന് വേണ്ടിയുളള തെരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്തെ മഴയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. വിഷയത്തിൽ കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തെരച്ചിൽ പുനരാരംഭിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.

    അതിനിടെ, അർജുനെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അർജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം ഉറപ്പ് നൽകി. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ അർജുൻ്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അർജുനെ കണ്ടെത്താനായുളള തെരച്ചിൽ കർണാടക സർക്കാർ പുനരാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അർജുൻ്റെ കുടുംബത്തെ അറിയിച്ചത്

    No comments

    Post Top Ad

    Post Bottom Ad