അസമിലായിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു , കേരളമേ നന്ദി... മകളെ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവയ്‌ക്കുന്ന അൻവർ ഹുസൈനും ഫർവിൻ ബീഗവും
‘മകളെ കാണാതായപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഓടിനടന്ന ഞാൻ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞു. ഉടൻ എന്നെ രണ്ടുപൊലീസുകാർ എന്നെ ജീപ്പിൽകയറ്റി വീട്ടിലേക്ക് വന്നു. അവർ എല്ലായിടവും അന്വേഷിച്ചു. തൊട്ടുപിന്നാലെ എസ്ഐയും മറ്റു പോലീസുകാരും പൊലീസ് നായയുമെല്ലാം എത്തി. എന്റെ നാട്ടിലായിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു’– -മകളെ തിരികെയെത്തിക്കാൻ കേരളം ഒപ്പം നിന്നതിനെക്കുറിച്ച് വിവരിക്കുമ്പോൾ കുട്ടിയുടെ പിതാവ് അൻവർ ഹുസൈന്റ വാക്കുകകളിൽ ആവേശവും സന്തോഷവും നിറയുന്നുണ്ടായിരുന്നു.‘എന്റെ നാട്ടിലായിരുന്നെങ്കിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്ന് പറഞ്ഞ് പൊലീസ് മടക്കി അയക്കുമായിരുന്നു. ഇവിടെ മന്ത്രിയും എംഎൽഎയും സർക്കാരും ഉൾപ്പെടെ ഇടപെട്ടത് കണ്ടപ്പോൾ അതിശയം തോന്നുന്നു’–-അദ്ദേഹം പറഞ്ഞു. കേരളം ആയതുകൊണ്ട് മാത്രമാണ് മകളെ തിരിച്ചുകിട്ടിയതെന്ന് അമ്മയും പറഞ്ഞു. കേരളത്തിലെ പൊലീസും മാധ്യമപ്രവർത്തകരും രണ്ടു ദിവസമായി ഉറക്കമില്ലാതെ അന്വേഷിച്ചതുകൊണ്ടാണ് മകളെ തിരിച്ചുകിട്ടിയതെന്നും അവർ പറഞ്ഞു.
കേരളമേ നന്ദി...
അമ്മയോട് പിണങ്ങി കഴക്കൂട്ടത്തെ വീടുവിട്ടിറങ്ങിയ അസം സ്വദേശിനിയെ (14) ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും. കഴക്കൂട്ടം എസ്‌ഐ വി എസ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെട്ട സംഘം വ്യാഴാഴ്ച വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. വ്യാഴം രാവിലെ കൊച്ചുവേളിയിൽനിന്നുള്ള കോർബ എക്‌സ്‌പ്രസിൽ പുറപ്പെട്ട സംഘം വെള്ളി ഉച്ചയോടെ വിശാഖപട്ടണത്ത് എത്തി കുട്ടിയെ ഏറ്റുവാങ്ങും. വിശാഖപട്ടണത്തെ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് നൽകിയശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം അസിസ്‌റ്റന്റ് കമീഷണർ പി നിയാസ് പറഞ്ഞു.തിരുവനന്തപുരത്ത് കോടതിയിൽ ഹാജരാക്കിയശേഷം രക്ഷിതാക്കൾക്ക് വിട്ടുകൊടുക്കും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേയും കോടതിയുടേയും നിർദേശപ്രകാരം കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെ ആവശ്യമാണെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഇളയ സഹോദരങ്ങളോട് വഴക്കിട്ടതിന് അമ്മ തല്ലിയതിനെത്തുടർന്നാണ് ചൊവ്വാഴ്‌ച കുട്ടി വീടുവിട്ടിറങ്ങിയത്. ട്രെയിനിൽ കന്യാകുമാരിയിലെത്തി, അവിടുന്ന് മറ്റൊരു ട്രെയിനിൽ സഞ്ചരിക്കവേ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ആൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് 14കാരിയെ കണ്ടെത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ട്രെയിനിൽ പരിശോധന നടത്തിയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അസോസിയേഷൻ പിആർഒ സുനിൽ കുമാർ പറഞ്ഞു.
മകളെ കണ്ടുപിടിച്ചതിന് സംസ്ഥാന സർക്കാരിനോടും പൊലീസിനോടും മലയാളികളോടും നന്ദിപറയുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തങ്ങളുടെ നാട്ടിലായിരുന്നെങ്കിൽ ഇതുപോലുള്ള അന്വേഷണമൊന്നും ഉണ്ടാകില്ല. ഇവിടെ സർക്കാർ ഉൾപ്പെടെ ഇടപെട്ടാണ് അന്വേഷണം നടത്തിയത്. എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.
No comments
Post a Comment