കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; കുറ്റമറ്റ അന്വേഷണവും കടുത്ത ശിക്ഷയും നടപ്പിലാക്കണമെന്ന് കാസ്ക്ക്
കൊൽക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റമറ്റ അന്വേഷണവും നീതി പൂർവ്വകമായ കടുത്ത ശിക്ഷയും നടപ്പിലാക്കണമെന്ന് കേരള അസ്സോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽസ് ആൻ്റ് ക്ലീനിക്സ് (കാസ്ക്ക്). ഇന്ത്യയിൽ എവിടേയും എപ്പോഴും ഡോക്ടർമാർ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യാവുന്ന തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.ഒരു ക്രിമിനലിൻ്റെ മുന്നിൽ പെട്ട് സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ഡോ. വന്ദനാ ദാസിൻ്റെ ജീവൻ നഷ്ടപ്പെട്ട സംഭവം നടന്നിട്ടും രാജ്യത്തെ അധികാരവർഗ്ഗം യാതൊരുവിധ പ്രതിരോധ നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് ഈ ആവർത്തനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരുകൾക്കാണ് . സുരക്ഷാ വീഴ്ചകൾക്ക് പൂർണ്ണ ഉത്തരവാദിത്വം സർക്കാരുകൾക്കു മേൽ ചുമത്തുന്ന നടപടികൾ നീതിന്യായ കോടതികൾ കൈക്കൊള്ളണം.പിജി വിദ്യാർഥികളെ കൊണ്ട് ഒന്നും രണ്ടും ദിവസം തുടർച്ചയായി ജോലി ചെയ്യിക്കുന്ന അപരിഷ്കൃതമായ രീതി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാനിപ്പിക്കണം . വലുതായാലും ചെറുതായാലും ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്കും ചികിത്സകർക്കും പൂർണ്ണ സുരക്ഷിതത്വം ഇക്കാലത്ത് അത്യന്താപേക്ഷിതമാണെന്നും കാസ്ക്ക് വ്യക്തമാക്കി.
No comments
Post a Comment