പാരിസ് ഒളിംപിക്സിലെ ഇരട്ടവെങ്കല നേട്ടം; പരസ്യവിപണിയിലും താരമായി മനു ഭാക്കര്‍
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സിന് പിന്നാലെ ഇന്ത്യന്‍ അത്‌ലറ്റിക് താരങ്ങളുടെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയരുന്നു. ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ സൂപ്പര്‍ താരം നീരജ് ചോപ്രയും ഗുസ്തിയില്‍ മെഡല്‍ നേടാനായില്ലെങ്കിലും വിനേഷ് ഫോഗട്ടും പരസ്യ പ്രതിഫലം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാക്കറുടെയും ബ്രാൻഡ് മൂല്യം കുതിച്ചുയർന്നിരിക്കുകയാണ്. മനു ഭാക്കര്‍ അടുത്തിടെ പ്രമുഖ ശീതള പാനീയ ബ്രാന്‍ഡായ തംസ് അപ്പുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര കോടി രൂപയുടെ കരാറാണ് 22കാരിയായ മനു തംസ് അപ്പുമായി കരാര്‍ ഉറപ്പിച്ചത്. ഒളിംപിക്‌സിന് മുന്‍പ് മനുവിൻ്റെ എന്‍ഡോഴ്സ്മെന്റ് ഫീസ് പ്രതിവര്‍ഷം 25 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പാരിസിലെ ഇരട്ട മെഡല്‍ നേട്ടത്തോടെ ഇത് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. മനുവുമായി കരാര്‍ ഏര്‍പ്പെടുന്നതിന് വേണ്ടി ഏകദേശം 40 ബ്രാന്‍ഡുകള്‍ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയതിന് പിന്നാലെ നീരജ് ചോപ്രയും പരസ്യവരുമാനം ഉയര്‍ത്തിയിട്ടുണ്ട്. മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് കോടി രൂപയില്‍ നിന്ന് നാലരക്കോടി രൂപയിലേക്കാണ് നീരജ് പരസ്യ പ്രതിഫലം ഉയര്‍ത്തിയത്. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം വാങ്ങുന്ന സ്പോര്‍ട്സ് താരം നീരജ് ചോപ്രയാണ്. പാരിസ് ഒളിംപിക്സിൽ മെഡല്‍ നേടാനായില്ലെങ്കിലും ഗുസ്തിതാരം വിനേഷ് ഫോഗട്ടും ബ്രാൻഡ് മൂല്യം ഉയർത്തിയിട്ടുണ്ട്. പാരിസ് ഒളിംപിക്സിന് മുമ്പ് വാങ്ങുന്നതിനേക്കാള്‍ നാലിരട്ടിയോളം കൂടുതല്‍ പ്രതിഫലമാണ് വിനേഷ് ഇപ്പോള്‍ വാങ്ങുന്നതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒളിംപിക്സിന് മുമ്പ് ഓരോ ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്. ഇപ്പോള്‍ അത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാരിസ് ഒളിംപിക്സ് മെഡല്‍ നേടാനായില്ലെങ്കിലും വിനേഷ് ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ടത് രാജ്യത്തെയൊന്നാകെ ഞെട്ടിക്കുകയും ചര്‍ച്ചകള്‍ക്കും വഴിമരുന്നിടുകയും ചെയ്തിരുന്നു
No comments
Post a Comment