വയനാട് ദുരന്തം: ഡി.എൻ.എ ഫലങ്ങൾ ലഭിച്ചു തുടങ്ങി, ഇന്ന് മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി റിയാസ്
കൽപ്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡി.എൻ.എ ഫലങ്ങൾ കിട്ടി തുടങ്ങിയെന്നും ഇന്ന് മുതൽ പരസ്യപ്പെടുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ മൂന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാകുയെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. ഇന്നും നാളെയും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തിരച്ചിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡി.എന്‍.എ ക്യാമ്പിൽ നിന്ന് എടുത്തിട്ടുണ്ട്.
No comments
Post a Comment