അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അർജുനെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി.
ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് അവിടെ നിന്നും മടങ്ങിയത്. പതിനഞ്ച് മിനുറ്റോളം വീട്ടില്‍ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
അതേസമയം അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തരുതെന്ന് ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് ആശ്വാസമേകിയെന്ന് സന്ദര്‍ശനത്തിന് ശേഷം അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.
ഷിരൂരില്‍ തിരച്ചില്‍ നടക്കുന്നില്ലെന്നും പുഴയില്‍ തിരച്ചിലിനായി എത്തിയ ഈശ്വര്‍ മാല്‍പ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കുടുംബം ആരോപണമുന്നയിച്ചു. തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തേ അതേ ഒഴുക്കാണ് ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
No comments
Post a Comment