യൂട്യൂബ്, ഇൻസ്റ്റ, എഫ്ബി ക്രിയേറ്റേർസിന് മൂക്ക് കയറിടാൻ സർക്കാർ; കടുത്ത നിർദ്ദേശങ്ങളുമായി ബില്ല്
കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട് ബ്രോഡ്കാസ്റ്റ് ബില്ലിലൂടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇവയെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ കൊണ്ടുവരാാനും രജിസ്ട്രേഷൻ ഏർപ്പെടുത്താനും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുമാണ് ശ്രമം. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി ക്രമം അനുസരിച്ച് ശിക്ഷാ നടപടികളും സ്വീകരിക്കും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ബില്ല് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന ആശങ്കയും ഇതിന് പിന്നാലെ സജീവമായിട്ടുണ്ട്.
നിശ്ചിത പരിധിയിൽ അധികം ഫോളോവേർസുള്ള യൂട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബിൽ പാസായി ഒരു മാസത്തിനുള്ളിൽ കേന്ദ്രസർക്കാരിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടി വരും. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്,ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ ത്രിതല റെഗുലേറ്ററി സംവിധാനത്തിൻ്റെ കീഴിലാക്കും.
ഈ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ തങ്ങളുടെ സ്വന്തം നിലയിൽ ഉള്ളടക്കം സംബന്ധിച്ച് ആഭ്യന്തര പരിശോധന നടത്തുന്നതിന് സമിതിയെ വെക്കേണ്ടി വരും. തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കേന്ദ്രസർക്കാരിൽ വെളിപ്പെടുത്താത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് ക്രിമിനൽ നടപടിക്രമം ബാധകമാകും. വാർത്തകൾ പങ്കുവെക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളും ബിൽ പാസായി ഒരു മാസതത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇവരെയും ത്രിതല റെഗുലേറ്ററി സംവിധാനത്തിൻ്റെ കീഴിലാക്കും.
ബില്ലിൻ്റെ കരട് ബ്രോഡ്‌കാസ്റ്റർമാർ, അസോസിയേഷനുകൾ, സ്ട്രീമിങ് സർവീസ് കമ്പനികൾ, പ്രധാന ടെക് കമ്പപനികൾ എന്നിവയുടെ അഭിപ്രായം തേടാനായി കൈമാറിയിട്ടുണ്ട്. ഓരോ പേർക്കും ചോർച്ച തടയുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത കോപ്പിയാണ് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ബില്ല് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കായി കൈമാറിയിരിക്കുന്നത്.
No comments
Post a Comment