സമ്പൂർണ ശുചിത്വ ജില്ലയാവാൻ കണ്ണൂർ
കണ്ണൂർ : സമ്പൂർണ ശുചിത്വ ജില്ലയാവാനൊരുങ്ങി കണ്ണൂർ. അടുത്തവർഷം മാർച്ച് 30നകം പ്രഖ്യാപനം നടത്താനുള്ള തീവ്രയജ്ഞ കർമ പരിപാടി ഒക്ടോബർ രണ്ടിന് തുടങ്ങും. ഇതിനായി വിപുലമായ പദ്ധതികൾക്ക് ജില്ലാതല നിർവഹക സമിതി രൂപവത്കരണ യോഗത്തിൽ രൂപം നൽകി. സമ്പൂർണ ശുചിത്വ ലക്ഷ്യം നേടാനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സജീവമായ നിർവഹണ സമിതികൾ സെപ്റ്റംബർ 10 നകം രൂപവത്കരിക്കും വാർഡ്, ഡിവിഷൻ തലങ്ങളിൽ വരെ നിർവഹണ സമിതികളുണ്ടാവും. ജില്ല, ബ്ലോക്ക്, നഗര ഗ്രാമ, വാർഡ്, ഡിവിഷൻ തലം വരെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്തുകൊണ്ടാവും കാമ്പയിനിന് തുടക്കമിടുക. ഓരോ പ്രദേശത്തും ജൈവ അജൈവ, ദ്രവ മാലിന്യങ്ങളും പ്രത്യേക മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും പ്രവർത്തനങ്ങളുമാണ് ഉദ്ഘാടനം ചെയ്യുക സർക്കാർ കാര്യാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയവയെ ഹരിത സ്ഥാപനങ്ങളായി മാറ്റി എടുക്കൽ, കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഹരിത അയൽകൂട്ടങ്ങളായി ഉയർത്തിക്കൊണ്ടു വരൽ, ജില്ലയിലെ എല്ലാ പട്ടണങ്ങളെയും ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളായി മാറ്റിയെടുക്കൽ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും സമ്മേളനങ്ങളും ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് സംഘടിപ്പിക്കൽ, തോടുകൾ, പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും കലക്ടർ കൺവീനറുമായുള്ള സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
No comments
Post a Comment