കാപ്പിയും ചായയും ഉൾപ്പെടെ ഹോട്ടൽ ഭക്ഷണങ്ങൾക്ക് ചെലവേറുന്നു; ഗ്രേവി പോലും ഇനി ഫ്രീയാകില്ല
കണ്ണൂർ : ചൂട് ചായയോ കാപ്പിയോ കുടിച്ച് പത്തുരൂപ നോട്ട് നൽകി ഇനി ഹോട്ടലിൽനിന്ന് പോകാനാകില്ല. ചായക്കും കാപ്പിക്കും ഉൾപ്പെടെ ‘വിലക്കയറ്റം’. മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ 10 രൂപക്ക് കിട്ടിയിരുന്ന ചായക്ക് 13 രൂപയാണ് പുതിയ വില. 15 രൂപ വരെ വാങ്ങുന്ന ഇടത്തരം ഹോട്ടലുകളുമുണ്ട്. പൊടിക്കാപ്പിക്കും കടുംചായയ്ക്കും ഇതേ നിരക്കാണ്. ബ്രൂ കാപ്പിക്ക് 20 രൂപയും. മുമ്പ് 15 മുതൽ 18 രൂപ വരെയാണ് ബ്രൂ കാപ്പിക്ക് ഈടാക്കിയിരുന്നത്.
വട 13 രൂപയാണ് പുതിയ വില. ഇഡലി, ദോശ, അപ്പം എന്നിവക്ക് കുറഞ്ഞ നിരക്ക് 12 ആയി. എട്ടു മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ഈടാക്കിയിരുന്നത്. പൊറോട്ടയ്ക്കും ചപ്പാത്തിക്കും 13 രൂപയായി. ഹോട്ടൽ ഉടമകളുടെ വിവിധ അസോസിയേഷനുകളാണ് പുതിയ നിരക്ക് തീരുമാനിച്ചത്. പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ചില ഹോട്ടലുകളിൽ അസോസിയേഷൻ തീരുമാനം ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
25-30 രൂപ നിരക്കിലായിരുന്ന മുട്ടക്കറിക്ക് 40 രൂപയാണ് പുതിയ നിരക്ക്. മസാലദോശയ്ക്ക് 80 രൂപ. ഉച്ചയൂണിൻ്റെ നിരക്ക് പത്ത് രൂപ കൂട്ടി. സാധാരണ ഊണിന് 70 രൂപയായിരുന്നത് 80 രൂപയാക്കി. കറികളുടെ കൂടുതൽ അനുസരിച്ച് 70 രൂപ മുതൽ 100 രൂപ വരെ വിവിധ ഹോട്ടലുകളിൽ ഊണിന് അടിസ്ഥാന നിരക്ക് വെച്ചിരുന്നു. ഈ നിരക്കിൽനിന്നാണ് പത്ത് രൂപ കൂട്ടുന്നത്. മീൻ അടക്കമുള്ള പ്രത്യേക വിഭവങ്ങൾക്ക് സീസണനുസരിച്ച് വില മാറുന്നുണ്ട്.
ദോശക്കും ചപ്പാത്തിക്കുമൊപ്പം പ്രധാന കറികൾക്ക് പകരം ഗ്രേവി വാങ്ങുന്നതിനും പണം ഈടാക്കിത്തുടങ്ങി. ഒരുകപ്പ് സാമ്പാറിനും ഗ്രേവിക്കും 20 രൂപ വീതമാണ് നിരക്ക്. മൂന്ന് വർഷങ്ങൾക്കുശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർധിപ്പിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എം.കെ. ഉല്ലാസ് പറഞ്ഞു. പാചകത്തൊഴിലാളികളുടെ കൂലിയും പാൽ അടക്കം എല്ലാ ഭക്ഷണ പദാർഥങ്ങളുടേയും വിലയും വർധിച്ചത് നിരക്ക് ഉയർത്താൻ കാരണമായതായി ഹോട്ടൽ ഉടമകൾ പറയുന്നു.
No comments
Post a Comment