ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടും, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കും; പൊലീസെന്ന പേരിൽ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
ഐജി, ഐബി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി പണം കവരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വേങ്ങര സ്വദേശി മുഹമ്മദ് ശിബിലിയാണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ കോഴിക്കോട് സ്വദേശിനിയിൽ നിന്നും പണം കവർന്നുവെന്ന പരാതിയെ തുടർന്ന് കസബ പൊലീസാണ് രഹസ്യ വിവരത്തെ തുടർന്ന് കൊണ്ടോട്ടിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.ഭംഗിയുള്ള സംസാരശൈലിയും ഫോട്ടോഷോപ്പിൽ ഉള്ള പരിജ്ഞാനവും ഇത് രണ്ടും ആയുധമാക്കിയാണ് വേങ്ങര സ്വദേശി മുഹമ്മദ് ഷിബിലിയെന്ന 28 കാരൻ തട്ടിപ്പ് നടത്തുന്നത്. പ്ലസ് ടു പഠനം മാത്രമാണ് യോഗ്യത പക്ഷേ ഈ കാലയളവിൽ ഐബി, ഐജി എന്നിങ്ങനെ വിവിധ ഉദ്യോഗസ്ഥനായി പ്രത്യക്ഷപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥൻ എന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുകയുമാണ് പ്രധാന വിനോദം. ഇതിനിടയിൽ നിരവധി തവണ അറസ്റ്റിലായെങ്കിലും തട്ടിപ്പ് നിർത്തിയില്ല. ഒടുവിലത്തെ അറസ്റ്റ് കോഴിക്കോട് സ്വദേശിനിയിൽ നിന്നും പണം തട്ടിയ കേസിൽ. ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ മകനെ രക്ഷിക്കാൻ തനിക്ക് സാധിക്കുമെന്നും താനാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നും തെറ്റിദ്ധരിപ്പിച്ച് 85,000 രൂപയാണ് പ്രതി കൈക്കലാക്കിയത്. മോഹൻ ഫോട്ടോഷോപ്പ് പരിജ്ഞാനം ഉള്ളതിനാൽ ലോഗോയും ഐഡി കാർഡുകളും സ്വമേധയാ നിർമ്മിക്കും. സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്തതിനു ശേഷം സ്വന്തം അഡ്രസ്സിലേക്ക് ഫയലുകളും മറ്റും കൊറിയർ മുഖേനെ അയക്കും. ഓൺലൈനിൽ നിന്ന് ഡൗൺലോഡ് ചെയ്ത എഫ്ഐആർ കോപ്പികളും കയ്യിൽ കരുതും. തട്ടിപ്പിനിടെ പിടിവീഴും എന്ന് മനസ്സിലായാൽ പണം കൊടുത്ത് പരാതി ഒതുക്കി തീർക്കും. ഇങ്ങനെ നീളുന്നു തട്ടിപ്പുവീരന്റെ കൃത്യങ്ങൾ. കസബ എസ്ഐ ജഗ് മോഹൻ ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒടുവിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആൾമാറാട്ടം വഞ്ചന കുറ്റം എന്നിവകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.
No comments
Post a Comment