അഞ്ചു മിനിറ്റ് വൈകിയാൽ ഇരട്ടി ചാർജ്; കണ്ണൂർ റെയിൽവേയിൽ പാർക്കിംഗ് കൊള്ള
കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ പാർക്കിംഗ് ഫീസിന്റെ പേരില്‍ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ. നിലവില്‍ ടൂവീലർ 24 മണിക്കൂർ പാർക്കിംഗിന് 25 രൂപയാണ് നിശ്ചയിച്ചതെങ്കിലും അഞ്ച് മിനുട്ട് വൈകിയാല്‍ അടുത്ത ദിവസത്തെ ചാർജും ഈടാക്കിയാണ് റെയില്‍വേയിലെ കൊള്ള. ഇതേചൊല്ലി യാത്രക്കാരും കരാറുകാരും തമ്മില്‍ മിക്കപ്പോഴും തർക്കം പതിവാണ്. കഴിഞ്ഞ ദിവസം ബൈക്ക് പാർക്ക് ചെയ്ത് വന്ന ഒരു യാത്രക്കാരനില്‍ നിന്ന് അഞ്ചുമിനിട്ട് വൈകിയതിന് അധികമായി 25 രൂപ ഈടാക്കിയിരുന്നു.
സതേണ്‍ റെയില്‍വേയുടെ നിർദേശ പ്രകാരമാണ് ഫീസ് നിരക്കെന്നാണ് കരാർ ഏറ്റെടുത്തയാളുടെ വാദം. നിലവില്‍ പാർക്കിംഗുമായി ബന്ധപ്പെട്ട് കിഴക്കേ കവാടത്തില്‍ സതേണ്‍ റെയില്‍വേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ മുമ്പ് അരമണിക്കൂർ താമസിച്ചാല്‍ പോലും ഇത്രയധികം പണം ഈടാക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു.
ടൂവീലർ 25 രൂപ, ഫോർ വീലർ 95 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഫോർ വീലറിന് 24 മണിക്കൂർ കഴിഞ്ഞാല്‍ 120 രൂപ അടക്കണം. 24 മണിക്കൂറിന് ശേഷം വൈകുന്ന ഓരോ മണിക്കൂറിനും നിശ്ചിത തുക ഈടാക്കുന്നതില്‍ പ്രശ്നമില്ലെന്നും പകരം ഇത്തരത്തില്‍ യാത്രക്കാരെ പിഴിയുന്ന സമീപനത്തെ അംഗീകരിക്കാനാകില്ലെന്നും യാത്രക്കാർ പറയുന്നു.
No comments
Post a Comment