Header Ads

  • Breaking News

    വയനാട് ദുരന്തം; പുനരധിവാസം വൈകരുതെന്ന് ഹൈക്കോടതി



    കൊച്ചി: വയനാട്ടിലെ ഉരുൾപെട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം വൈകരുതെന്ന് ഹൈക്കോടതി. ക്യാമ്പില്‍ കഴിയുന്നവരെ ഒരാഴ്ചക്കുള്ളില്‍ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കാണമെന്ന് കോടതി നിര്‍ദേശിച്ചു. ആരെങ്കിലും ക്യാമ്പില്‍ നിന്നു മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിന്റെ കാരണം പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

    ക്യാമ്പിലുള്ളവരുടെ കണക്ക് സംബന്ധിച്ച് സര്‍ക്കാര്‍ അടുത്തയാഴ്ച വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ കോടതി സ്വമേധായ എടുത്ത കേസിലാണ് ജസ്റ്റീസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് മുന്‍പ് കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

    വയനാട്ടിലെ ദുരിതബാധിതർക്ക് 1000 സ്‌ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്നാണ് സർക്കാർ വ്യാഴാഴ്ച അറിയിച്ചത്. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ പറഞ്ഞു.

    മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക. ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നിട്ടുണ്ട്. 183 വീടുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. 340 ഹെക്ടർ കൃഷിയിടം നഷ്ടമായി. 145 വീടുകൾ ദുരന്തത്തിൽ പൂർണമായി തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതായി. 170 വീടുകൾ ഭാഗികമായി തകർന്നു.

    No comments

    Post Top Ad

    Post Bottom Ad