പുതിയ ഫോൺ വാങ്ങിയതിന്റെ 'ട്രീറ്റ് ചെയ്തില്ല', ചോദിച്ചപ്പോൾ വിസമ്മതിച്ചു; 16 വയസുകാരനെ കൂട്ടുകാർ കുത്തിക്കൊന്നു
ന്യൂഡൽഹി: പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് ചെയ്തില്ലെന്ന് ആരോപിച്ച് 16 വയസുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. ഡൽഹിയിലെ ശകർപൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇവരും 16 വയസുകാർ തന്നെയാണെന്ന് പൊലീസ് പറയുന്നു. കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സച്ചിൻ എന്ന ബാലൻ പുതിയ ഫോണുമായി ഒരു സുഹൃത്തിനൊപ്പം തന്റെ വീട്ടിലേക്ക് വരുന്നതിനിടെ തന്റെ മൂന്ന് സുഹൃത്തുക്കളെ വഴിയിൽ വെച്ച് കണ്ടത്. ഇവരുടെ അടുത്തേക്ക് ചെന്ന് ഫോൺ കാണിച്ചപ്പോൾ ട്രീറ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. സച്ചിൻ ഈ ആവശ്യം നിരസിച്ചതോടെ ഇവർ തമ്മിൽ തർക്കമായി. പിന്നീട് ഇത് കൈയാങ്കളിയിലേക്ക് കടന്നു. ഇതിനൊടുവിലാണ് കുട്ടികളിൽ ഒരാൾ സച്ചിനെ കുത്തിയത്.
വൈകുന്നേരം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം റോഡിൽ രക്തം കണ്ടാണ് അന്വേഷണം നടത്തിയത്. ഏതാനും കുട്ടികൾ ചേർന്ന് അവരുടെ സുഹൃത്തിനെ കുത്തിയെന്നും നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വിവരം ലഭിച്ചു. ഇതിനിടെ 16 വയസുകാരനെ കുത്തേറ്റ നിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നെന്നും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നുവെന്നും കാണിച്ച് എൽഎൻജെപി ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ശരീരത്തിന്റെ പിൻഭാഗത്ത് രണ്ട് തവണ കുത്തേറ്റതായി മൃതദേഹം പരിശോധിച്ചപ്പോൾ മനസിലായി. പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കുട്ടികളെ കണ്ടെത്തുന്നതിന് അന്വേഷണവും പുരോഗമിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി.
No comments
Post a Comment