Header Ads

  • Breaking News

    എം പോക്സ്: ക്ലേഡ് 2നെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദം, സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം



    ന്യൂഡൽഹി: എം പോക്സ് വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള മാർ​ഗനിർ​ദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. രാജ്യത്ത് എം പോക്സിന്റെ ക്ലേഡ് 1 വകഭേ​ദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകിയത്. ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 വകഭേദമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

    എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

    കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.

    മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

    No comments

    Post Top Ad

    Post Bottom Ad