ഈർച്ചപ്പൊടിയെന്ന പേരിൽ 59 ചാക്കുകളിലായി ലഹരിമരുന്ന്, മലപ്പുറത്ത് 2 പേർ പിടിയിൽ
മലപ്പുറം: മഞ്ചേരിയിൽ ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവിൽ ലഹരിവിൽപ്പന. നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ പിടികൂടിയത്. ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കൽ വെള്ളപ്പാറക്കുന്നിലെ ഗോഡൗണിൽ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളും കണ്ടെടുത്തു.
No comments
Post a Comment